കണ്ണൂര്‍ :മുന്‍കാലങ്ങളെ അപേക്ഷിച്ച് സമൂഹത്തില്‍ കരള്‍രോഗങ്ങള്‍ ഏറെ വര്‍ധിച്ചു വരികയാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ എന്‍ട്രോളജി കേരള ഘടകം .കരള്‍വീക്കം അഥവാ സിറോസിസ്, കരളിലെ അര്‍ബുദം എന്നിവയാണ് കരള്‍ രോഗങ്ങളില്‍ പ്രധാനം. മദ്യപാനമാണ് കരള്‍വീക്കത്തിന് പ്രധാനമായ കാരണമായി നില്‍ക്കെ തന്നെ സാധാരണക്കാരില്‍ വര്‍ധിച്ചു വരുന്ന ഫാറ്റിലിവര്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും സൊസൈറ്റി വിലയിരുത്തി.
പല രോഗികള്‍ക്കും ഫാറ്റിലിവര്‍ കരള്‍വീക്കത്തിനും കരളിലെ കാന്‍സറിനും കാരണമായിത്തീരുന്നു. പുറമേ ഫാറ്റിലിവര്‍ രോഗികളില്‍ അസാമാന്യമായ പ്രമേഹം , അമിത രക്തസമ്മര്‍ദ്ദം , അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏകദേശം അന്‍പത് ശതമാനം പേര്‍ക്കും അമിതമായ ഫാറ്റിലിവര്‍ കാണുന്നുണ്ടെന്നാ
ണ് കണക്കാക്കുന്നത്. ഇത് ഭാവിയില്‍ സമൂഹത്തില്‍ സങ്കീര്‍ണമായ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറാമെന്നും സൊസൈറ്റി കേരള ഘടകം വിലയിരുത്തി.
ഫാറ്റിലിവര്‍ എന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. താരതമ്യേന ലക്ഷണമൊന്നും കാണിക്കാത്ത ഫാറ്റിലിവര്‍, നമ്മളില്‍ ആര്‍ക്കു വേണമെങ്കിലും വരാമെന്ന അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനു വേണ്ടി ഏപ്രില്‍ 6ന് വൈകിട്ട് 5 മുതല്‍ കണ്ണൂര്‍ പയ്യമ്പലം ബീച്ചില്‍ ഐ എസ് ജി കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ബീച്ച് നടത്തം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ.റോയി.ജെ.മുക്കട, സെക്രട്ടറി ഡോ. എം.രമേഷ് , ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. കെ.ജി. സാബു, കോ- ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പി.ജാവേദ് എന്നിവര്‍ അറിയിച്ചു.
ഇതോടൊപ്പം ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗാസ്‌ട്രോ എന്‍ട്രോളജി കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന -ISGKCON – മിഡ് ടേം കോണ്‍ഫറന്‍സും പ്രീ കോണ്‍ഫറന്‍സ് വര്‍ക്കു ഷോപ്പും 6, 7ന് കണ്ണരില്‍ നടക്കും. കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കൃഷ്ണ ബീച്ച് റിസോര്‍ട്ട് എന്നിവിടങ്ങളിലായി നടക്കുന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റും നൂറുകണക്കിന് ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.