Hivision Channel

പാലക്കാട് താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നു

കനത്ത ചൂടില്‍ പാലക്കാട് വെന്തുരുകുന്നതിനിടെ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ചൂട്. 45.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ കാഞ്ഞിരപ്പുഴയില്‍ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് വിതര്‍ സ്റ്റേഷനുകളില്‍ ഭൂരിഭാഗത്തിലും 40 ഡിഗ്രിക്ക് മുകളിലാണ് രാവിലെ 11 മണിക്ക് ശേഷം താപനില അനുഭവപ്പെടുന്നത്. ചൂടിനൊപ്പം വേനല്‍ മഴ മാറി നില്‍ക്കുന്നതും പാലക്കാട്ട് ജീവിതം ദുസഹം ആക്കുകയാണ്.

ചുട്ടുപഴുത്ത് വെന്തുരുകയാണ് പാലക്കാട് . കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലക്കാട് ജില്ലയില്‍ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. രണ്ടുദിവസം മുന്‍പ് എരുമയൂരില്‍ രേഖപ്പെടുത്തിയ ചൂട് 44.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഈ റെക്കോഡാണ് ഇന്നലെ 45.4 ഡിഗ്രി സെല്‍ഷ്യസ് കാഞ്ഞിരപ്പുഴയില്‍ രേഖപ്പെടുത്തിയതോടെ തകര്‍ന്നത്. മങ്കരയില്‍ ഇന്നലെ 43.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. മലമ്പുഴ ഡാമില്‍ 42.1 ആയിരുന്നു ഇന്നലത്തെ ചൂട് . രാവിലെ 11 മണി കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത ചൂടാണ് പൊതുവേ അനുഭവപ്പെടുന്നത്. തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഇതോടെ വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.

വേനല്‍മഴ പെയ്യാത്തതും പാലക്കാടിന്റെ ദുരിതം ഇരട്ടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതോടെ മെയ് മാസത്തെ ചൂട് എന്തായിരിക്കും എന്നാണ് പാലക്കാട്ടുകാര്‍ ഇപ്പോള്‍ പരസ്പരം ചോദിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *