Hivision Channel

ലോക്സഭാ തിരഞ്ഞെടുപ്പ്; ഭിന്നശേഷി വയോജന സൗഹൃദമാക്കും

കണ്ണൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതിനുവേണ്ടി ആവിശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഇതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കണ്ണൂര്‍ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കുമെന്നും നിലവില്‍ റാമ്പ് ഇല്ലാത്ത പോളിങ് സ്റ്റേഷനുകളില്‍ താത്കാലിക റാമ്പ് സൗകര്യം ഏര്‍പ്പാടാക്കുമെന്നും അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശൗചാലയങ്ങള്‍, വൈദ്യുതി മുതലായവ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കായി 5247 സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്‍എസ്എസില്‍ നിന്നും എസ് പി സി യില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു പറഞ്ഞു. ഒരു പോളിങ് സ്റ്റേഷനില്‍ രണ്ട് സന്നദ്ധ സേവന പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആറു സന്നദ്ധ സേവന പ്രവര്‍ത്തകരെ സെക്ടര്‍ ഓഫീസ് തലത്തിലും വിന്യസിക്കും. 85 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷികാര്‍ക്കും പ്രത്യേക വരി പോളിങ് ബൂത്തുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ജില്ലാ തലത്തില്‍ മാപ്പിങ് നടത്തി കണ്ടെത്തിയ 246 വീല്‍ ചെയറുകള്‍ സെക്ടര്‍ ഓഫീസര്‍ തലത്തില്‍ നല്‍കും. ബാക്കി വരുന്ന ഓരോ പോളിങ് ലൊക്കേഷനിലും വീല്‍ ചെയര്‍ സൗകര്യം ഒരുക്കാന്‍ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ഓഫീസര്‍ മുഖാന്തിരം നിര്‍ദേശം നല്‍കുമെന്നും നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.

യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഭിന്നശേഷി വയോജന ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *