Hivision Channel

എസ്ബിഐയുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട്; രണ്ട് പേര്‍ പിടിയില്‍

കട്ടാക്കടയില്‍ കള്ളനോട്ട് ഉണ്ടാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. പറണ്ടോട്ട് സ്വദേശിയായ ബിനീഷ് (27), ആര്യനാട് സ്വദേശി ജയന്‍ (47) എന്നിവരാണ് കട്ടാക്കട പൊലീസിന്റെ പിടിയിലായത്. പൂവച്ചലില്‍ എസ്ബിഐയുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലാണ് കള്ളനോട്ട് കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് രണ്ട് പേരിലേക്ക് എത്തിയത്.

500ന്റെ എട്ട് കള്ളനോട്ടുകളാണ് സിഡിഎം മെഷീനില്‍ കണ്ടെത്തിയത്. ജയന്റെ വീട്ടിലായിരുന്നു കള്ളനോട്ട് നിര്‍മാണം. ഇതിന് ഉപയോഗിച്ച സാധന സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണം നിക്ഷേപിച്ച അക്കൗണ്ടിനെക്കുറിച്ചുള്ള അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. ജയന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ 100ന്റെയും 500ന്റെയും നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍, മഷി എന്നിവ കണ്ടെടുത്തു. 100 രൂപയുടെ നോട്ടുകള്‍ ഇവിടെ പ്രിന്റ് ചെയ്ത് വെച്ചിട്ടുമുണ്ടായിരുന്നു.

വീട്ടില്‍ അച്ചടിച്ച കള്ളനോട്ട് ഇക്കഴിഞ്ഞ മൂന്നാം തീയ്യതി ബിനീഷിന്റെ അമ്മയുടെ പേരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. 500 രൂപയുടെ എട്ട് നോട്ടുകളുണ്ടായിരുന്നു. സിഡിഎമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ചാല്‍ അവ പ്രത്യേകം അറയിലേക്കാണ് പോകുക. മുഷിഞ്ഞ നോട്ടുകളാണെങ്കില്‍ സ്വീകരിക്കാതെ തിരികെ വരും. പണം മെഷീനിനുള്ളിലേക്ക് പോയപ്പോള്‍ അത് സ്വീകരിക്കപ്പെട്ടെന്നും അക്കൗണ്ടില്‍ എത്തിയെന്നുമാണ് പ്രതികള്‍ കരുതിയത്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം വന്നില്ല.

ആറാം തീയ്യതി ബാങ്ക് ഉദ്യോഗസ്ഥര്‍ സിഡിഎം പരിശോധിച്ചപ്പോള്‍ പ്രത്യേക അറയില്‍ കള്ളനോട്ട് കിട്ടി. നിക്ഷേപിച്ച അക്കൗണ്ടും സമയവും കാര്‍ഡ് വിവരങ്ങളും ഉള്‍പ്പെടെ ബാങ്ക് അധികൃതര്‍ പരാതി നല്‍കി. അക്കൗണ്ട് ഉടമയുടെ വിവരം അന്വേഷിച്ചെത്തിയ പൊലീസ് ആദ്യം ബിനീഷിനെ പിടികൂടി. പിന്നാലെ ജയനെയും പിടിച്ചു. വീട്ടിലെ കള്ളനോട്ടടി തുടങ്ങിയിട്ട് ഒരു മാസമായി എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ നോട്ടുകള്‍ ഈ രീതിയില്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോ വെറെ എവിടെ നിന്നെങ്കിലും മാറിയെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *