Hivision Channel

‘ചുളിവുകള്‍ നല്ലതാണ്’; തിങ്കളാഴ്ച ദിവസം ഇസ്തിയിട്ട വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് സിഎസ്ഐആർ

ആദ്യ കാഴ്ചയില്‍ തന്നെ ഒരാളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കപ്പെടുമെന്നത് കോര്‍പ്പറേറ്റ് കാലത്തെ ഒരു കാഴ്ചപ്പാടാണ്. അതിനാല്‍ എപ്പോഴും ‘ടിപ്പ്ടോപ്പ്’ ആയിരിക്കാന്‍ ശ്രമിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ജോലിക്കാരോട് ആവശ്യപ്പെടുന്നു. ഇസ്തിരിയിട്ട് ചുളിവുകളില്ലാത്ത വടിവൊത്ത വസ്ത്രം ധരിച്ചാല്‍ പാതി കടമ്പ കഴിഞ്ഞുവെന്ന ബോധ്യത്തിലേക്കാണ് ഇത് സമൂഹത്തെ കൊണ്ടെത്തിച്ചത്. എന്നാല്‍ ഇന്ത്യയിലെമ്പാടും ലാബ് ശൃംഖലയുള്ള കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) തങ്ങളുടെ ജോലിക്കാരോട് മെയ് 15 വരെയുള്ള എല്ലാ തിങ്കളാഴ്ചയും ഇസ്തിരിയിട്ട് വടിവൊത്ത ഡ്രസ് ധരിക്കേണ്ടതില്ലെന്നും അല്പം ചുളിവുകള്‍ ആകാമെന്നും അറിയിച്ചു. ‘ചുളിവുകൾ നല്ലതാണ്’ (Wrinkles Achche Hai) എന്നാണ് സിഎസ്ഐആറിന്‍റെ ക്യമ്പയിന്‍റെ പേര്. ഈ ക്യാമ്പൈന്‍ ഊര്‍ജ്ജ സംരക്ഷണത്തിനും കാര്‍ബണ്‍ ഉദ്‍വമനം കുറയ്ക്കാനും ലക്ഷ്യമിട്ടാണ്. തങ്ങളുടെ ഓരോ ജീവനക്കാരും ദൈനംദിന ജീവിതത്തില്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ പുറംന്തള്ളല്‍ കുറയ്ക്കുകയാണ് കമ്പനി ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് സിഎസ്ഐആർ പുറത്തിറക്കിയ സർക്കുലറില്‍ വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡ് ഗണ്യമായ അളവിൽ പുറന്തള്ളപ്പെടുന്നതായി ചൂണ്ടിക്കാണിക്കുന്നു. “ഓരോ സെറ്റ് വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോഴും 200 ഗ്രാം കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതായത് ഇസ്തിരി ഇടാത്ത വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ 200 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നത് തടയാന്‍ കഴിയുന്നു.’ എന്ന് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് സെക്രട്ടറിയും സിഎസ്ഐആറിന്‍റെ ആദ്യ വനിതാ ഡയറക്ടർ ജനറലുമായ ഡോ. എൻ കലൈശെൽവി ഈ ക്യാമ്പയിനെ കുറിച്ച് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *