Hivision Channel

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് കസ്റ്റഡിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലായി. തൃശ്ശൂര്‍ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കൃഷ്ണകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. ആര്‍.ഒ.ആര്‍. സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാനായി 2000 രൂപയാണ് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വില്ലേജ് ഓഫീസറുമായി സംസാരിച്ച് അദ്ദേഹത്തെ സ്വാധീനിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിനല്‍കാം എന്ന് പറഞ്ഞാണ് കൃഷ്ണകുമാര്‍ പരാതിക്കാരനോട് പണം ആവശ്യപ്പെട്ടത്. കൃഷ്ണകുമാര്‍ പണം ആവശ്യപ്പെട്ട സമയത്തുതന്നെ പരാതിക്കാരന്‍ വിജിലന്‍സുമായി ബന്ധപ്പെട്ടു. പിന്നാലെ വിജിലന്‍സ് സംഭവസ്ഥലത്തെത്തി.

പരാതിക്കാരന്‍ കൃഷ്ണകുമാറിന് പണം കൈമാറിയ ഉടന്‍ വിജിലന്‍സ് സംഘം ഓഫീസിനുള്ളിലേക്ക് എത്തുകയും പരാതിക്കാരന്‍ നല്‍കിയ പണത്തോടൊപ്പം കൃഷ്ണകുമാറിനെ കൈയോടെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. കൃഷ്ണകുമാറിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത പണം പരിശോധിച്ച് കൈക്കൂലിയാണെന്ന് ഉറപ്പിലായ ശേഷമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൃഷ്ണകുമാര്‍ ഇതിനുമുമ്പും കൈക്കൂലി വാങ്ങിയിരുന്ന ആളാണ് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നത്. അതിനെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കും. ഇപ്പോള്‍ കൈക്കൂലി വാങ്ങിയതിന് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൃശ്ശൂര്‍ വിജിലന്‍സ് സംഘമാണ് കൃഷ്ണകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *