കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വിലയിരുത്തി. വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍ടെക്കില്‍ കണ്ണൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും തുടര്‍ന്ന് ക്രമീകരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വോട്ടെണ്ണല്‍ കൃത്യമായും കുറ്റമറ്റ രീതിയിലും നടത്തണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.പോളിങ് ഒരുവിധ പരാതികള്‍ക്കും ഇടവരാത്ത വിധം പൂര്‍ത്തികരിക്കുവാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ എ ആര്‍ ഒ മാരും വോട്ടെണ്ണലിനായി ചെയ്ത ക്രമീകരണങ്ങള്‍ വിശദീകരിച്ചു. റൂറല്‍ പൊലീസ് മേധാവി എം ഹേമലതയും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറും വോട്ടെണ്ണല്‍ ദിവസം ക്രമസമാധാന പാലത്തിനായി എടുത്തിട്ടുള്ള നടപടികളും വിശദീകരിച്ചു.
അസി. കലക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, തലശ്ശേരി എ സി പി കെ എസ് ഷഹന്‍ഷാ, എ ഡി എം കെ നവീന്‍ ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, അസി.റിട്ടേണിങ് ഓഫീസര്‍മാര്‍, മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.