Hivision Channel

വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും;ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ്

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇവിഎമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളുണ്ടാകും. ഇതിനു പുറമെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും. ഇടിബിഎസ് ( ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ്) എണ്ണുന്നതിന് 10 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍ടെക്കില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും ജില്ലാ കലക്ടറുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് വോട്ടെണ്ണല്‍ ഒരുക്കങ്ങളുടെ അവസാന ഘട്ട വിലയിരുത്തല്‍ നടത്തി.

പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിങ്ങ്, വോട്ടെണ്ണല്‍ നിരീക്ഷകരായ അഭയ് നന്ദകുമാര്‍ കാര്‍ഗ്ടുക്കര്‍, ഭൂപേന്ദ്ര സിങ് പരാസ്‌തെ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങളും ക്രമീകരണങ്ങളും നേരിട്ട് വിലയിരുത്തി.

ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും അതിന്റെ ഫലം ഉടന്‍ തന്നെ നല്‍കണമെന്നും അനാവശ്യ താമസം വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിങ്ങ് നിര്‍ദേശിച്ചു. വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ അച്ചടക്കം പാലിക്കുന്നതിലും അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ(ഇവിഎം) വോട്ടുകള്‍ എണ്ണുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 ടേബിളുകള്‍ വീതം ആകെ 98 ടേബിളുകളാണ് ക്രമീകരിക്കുന്നത്. ബന്ധപ്പെട്ട അസി. റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഇവിഎം വോട്ടുകള്‍ എണ്ണുക. ഒരു സ്ഥാനാര്‍ഥിക്ക് ആകെ 98 ഏജന്റുമാരെ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിലേക്ക് 34 ടേബിളുകള്‍ ക്രമീകരിക്കും. ഒരു സ്ഥാനാര്‍ഥിക്ക് ആകെ 34 ഏജന്റുമാരെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം. റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കലക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക.

സര്‍വ്വീസ് വോട്ടുകള്‍ (ഇടിപിബിഎസ്) സ്‌കാന്‍ ചെയ്യുന്നതിലേക്ക് 10 ടേബിളുകള്‍ ഉണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെ ഒരു ഏജന്റിനെ വെക്കാം.

ഒരു എ ആര്‍ ഒ യുടെ ടാബുലേഷന്‍ ടേബിളിലേക്ക് ഒരു ഏജന്റ് എന്ന നിലയില്‍ സ്ഥാനാര്‍ഥികള്‍ക്ക് ടാബുലേഷന്‍ ടേബിളുകളിലേക്ക് ഏഴ് ഏജന്റുമാരെയും ആര്‍ ഒ യുടെ ടാബുലേഷന്‍ ടേബിളിലേക്ക് ഒരു ഏജന്റിനെയും നിയോഗിക്കാം.ഏജന്റുമാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നില്‍കിയിട്ടുണ്ട്. ഈ കാര്‍ഡ് പരിശോധിച്ചായിരിക്കും ഏജന്റുമാരെ കൗണ്ടിങ്ങ് സെന്ററിലേക്ക് കടത്തിവിടുക.

സ്ഥാനാര്‍ഥികളെയും അവരുടെ ഇലക്ഷന്‍ ഏജന്റിനെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന കൗണ്ടിങ് ഏജന്റുമാരെയും മാത്രമേ കൗണ്ടിങ് ഹാളില്‍ പ്രവേശിപ്പിക്കൂ.

രാവിലെ ഏഴ് മണിക്ക് സ്േട്രാങ്ങ് തുറക്കും. നിരീക്ഷകരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരിക്കും ഇത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒഴികെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാന്‍ അനുവാദമില്ല. മൊബൈല്‍ ഫോണുകള്‍ കൗണ്ടിങ് ഹാളിന് പുറത്ത് ഇതിനായി സജ്ജീകരിക്കുന്ന കൗണ്ടറില്‍ സൂക്ഷിക്കണം.കൗണ്ടിങ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ കൗണ്ടിങ് തീരുന്നത് വരെ ഏജന്റുമാരെ പുറത്ത് പോകാന്‍ അനുവദിക്കുന്നതല്ല.

യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, എ ഡി എം കെ നവീന്‍ ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ പി സജീവന്‍, അസി. റിട്ടേണിങ്ങ് ഓഫീസര്‍മാരായ ഡിഎഫ്ഒ എസ് വൈശാഖ്, എല്‍എസ്ജിഡി ജോ. ഡയറക്ടര്‍ സെറീന എ റഹ്മാന്‍, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്എസ് അഭിനേഷ്, ഡിഐസി ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, ആര്‍ഡിഒ ടിഎം അജയകുമാര്‍, എല്‍എ ഡെപ്യൂട്ടി കലക്ടര്‍ കെ ഹിമ, ഡെപ്യൂട്ടി കലക്ടര്‍ ആ ശ്രീലത, ജില്ലാ റജിസ്ട്രാര്‍ എ ബി സത്യന്‍ എന്നിവരും പങ്കെടുത്തു.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പോള്‍ ചെയ്ത ആകെ വോട്ടുകള്‍ 1044860

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലുള്ള ആകെ 1358368 സമതിദായകരില്‍, 1044860 പേര്‍ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിങ് ശതമാനം 76.92 % ആയിരുന്നു.

ഓരോ നിയമസഭാ മണ്ഡലത്തിലെ പോള്‍ ചെയ്ത വോട്ടുകള്‍ ആകെ വോട്ടറമാരുടെ എണ്ണം (ബ്രായ്ക്കറ്റില്‍ ), ശതമാനം എന്ന ക്രമത്തില്‍ താഴെ

തളിപ്പറമ്പ് – 178301(231295), 80.57%

ഇരിക്കൂര്‍ – 143334(197680) , 72.50%

അഴിക്കോട്- 138584(185094), 74.87%

കണ്ണൂര്‍ – 132255(178732), 73.99%

ധര്‍മ്മടം – 158202(199115) ,79.45%

മട്ടന്നൂര്‍ -159218(195388),81.48%

പേരാവൂര്‍- 134966(181064),74.54%

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ആകെ പോസ്റ്റല്‍ വോട്ടുകള്‍ 14911 ആണ്. കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിവരെ ലഭിച്ച ഇ റ്റി പി ബി എസ് വോട്ടുകള്‍ 2456 ആണ്.

Leave a Comment

Your email address will not be published. Required fields are marked *