Hivision Channel

സാഹസിക ടൂറിസം സംരംഭകര്‍ക്ക് പരിശീലനമൊരുക്കി ഡി റ്റി പി സി

കണ്ണൂര്‍:ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍(ഡി റ്റി പി സി) ടൂറിസം സംരംഭകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടികളുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു.
സാഹസിക ടൂറിസം സംരംഭകര്‍ക്കായി നടത്തിയ രണ്ടാം ഘട്ട പരിശീലന പരിപാടിയില്‍ 240 പേര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയിലെ സംരംഭകരെ കൂടാതെ ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.
ജില്ലയിലേക്ക് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ എത്തിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കി ടൂറിസം സംരംഭകരെ പ്രാപ്തരാക്കുകയാണ് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനത്തിന്റെ ലക്ഷ്യം. പുതിയ ടൂറിസം സംരംഭകരെ ജില്ലയിലേക്ക് ആകര്‍ഷിക്കുക, നിലവിലുള്ള സംരംഭകര്‍ക്ക് ആവശ്യമായ ലൈസന്‍സുകള്‍ സമ്പാദിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് സഹായിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ പ്രദീഷ് നായര്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ്, അഡ്വെഞ്ചര്‍ ടൂറിസം എക്സ്പെര്‍ട്ട് കമ്മിറ്റി മെമ്പര്‍ ജാക്സണ്‍ പീറ്റര്‍, കേരള സ്റ്റേറ്റ് ടൂറിസം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ പ്രദീപ് മൂര്‍ത്തി, അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ കെ സി സജീവന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ് ഗോവ മാനേജര്‍ രഞ്ജിത്ത് സിംഗ്, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ് ഇന്‍സ്ട്രക്ടര്‍ നിതിന്‍ ആര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
ഡിറ്റിപിസി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി സി മനോജ് , തുടങ്ങിയവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *