Hivision Channel

നീറ്റില്‍ ഗ്രേസ്മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീടെസ്റ്റ്; എന്‍ടിഎ ശുപാര്‍ശ അംഗീകരിച്ച് സുപ്രീം കോടതി, പരീക്ഷ 23 ന്

നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കും. ഇവര്‍ക്ക് റീ ടെസ്റ്റ് നടത്താനുള്ള എന്‍ടിഎ സമിതി ശുപാര്‍ശ സുപ്രീം കോടതി അംഗീകരിച്ചു. ആഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുവാദം നല്‍കി. കൗണ്‍സിലിംഗ് നടപടികള്‍ തടയാനാകില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ച അസാധാരണ ഫലപ്രഖ്യാപനത്തില്‍ സുപ്രീംകോടതി ഇടപെടല്‍. ഒന്നാം റാങ്ക് ലഭിച്ച 47 പേര്‍ ഉള്‍പ്പെടെ ഗ്രേസ് മാര്‍ക്ക് കിട്ടിയ 1563 പേരുടെ ഫലം എന്‍ടിഎ റദ്ദാക്കും. ഈ വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം 23ന് വീണ്ടും പരീക്ഷ നടത്തും. പുനപരീക്ഷ, ഗ്രേസ് മാര്‍ക്ക് റദ്ദാക്കല്‍ അടക്കം എന്‍ടിഎ നിയോഗിച്ച മുന്‍ യുപിഎസ് സി ചെയര്‍മാന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു.

ജൂലായ് ആറിന് നടക്കുന്ന കൌണ്‍സിലിംഗിനെ ബാധിക്കാത്ത തരത്തില്‍ ഈ മാസം 30ന് ഫലം പ്രഖ്യാപിക്കുമെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു. റീടെസ്റ്റ് എഴുതാന്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നേരത്തെ എഴുതി ലഭിച്ച ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സ്‌കോര്‍ നല്‍കും. റീടെസ്റ്റിന് ശേഷം അടുത്ത മാസം ആദ്യവാരം പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കും. പരീക്ഷയില്‍ എന്തെങ്കിലും തരത്തില്‍ തെറ്റായ പ്രവണതയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കൌണ്‍സിലിംഗ് തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് അടക്കം സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേര്‍ക്കാണ് സമയം ലഭിച്ചില്ലെന്ന ്കാട്ടി എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വിവാദമായതോടെയാണ് ഈക്കാര്യം പരിശോധിക്കാന്‍ വീണ്ടും സമിതിയെ നിയോഗിച്ചത്. പരീക്ഷയില്‍ ക്രമേക്കട് നടന്നെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ എന്‍ടിഎയ്ക്ക് കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം ഈ ഹര്‍ജികള്‍ കോടതി വീണ്ടും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *