വയനാട് ഉപതെരഞ്ഞെടുപ്പില്‍ വിപുലമായ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്ഷോയും നടത്താനാണ് തീരുമാനം. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികള്‍ നടത്തുക.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്. അന്ന് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിറ്റിങ് സീറ്റായ അമേഠിയില്‍ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. ഇത്തവണ രാഹുല്‍ അമേഠിക്ക് പകരം റായ്ബറേലിയിലാണ് മത്സരിച്ചത്.