മഹാത്മാ അയ്യങ്കാളി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 83 വര്‍ഷം.ഇന്ത്യയുടെ മഹാനായ പുത്രനെന്ന് ഇന്ദിരാഗാന്ധിയും പുലയരുടെ രാജാവെന്ന് മഹാത്മാഗാന്ധിയും ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് ഇ കെ നായനാരും വിശേഷിപ്പിച്ച കേരളത്തിന്റെ ധീരനവോത്ഥാന നായകനായിരുന്നു അയ്യങ്കാളി.
ഇരുണ്ട കാലത്തെ കീറിമുറിച്ച ഒരു വജ്രസൂചിയായിരുന്നു മഹാത്മാ അയ്യങ്കാളി. അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനായി സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ നയിച്ച അയ്യങ്കാളിയെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് എന്നാണ് ഇ കെ നായനാര്‍ വിശേഷിപ്പിച്ചത്. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍. അയിത്തജാതിക്കാര്‍ക്ക് പൊതുവഴിയിലൂടെയുള്ള സഞ്ചാര നിഷേധത്തിനെതിരെ നടത്തിയ വില്ലുവണ്ടി യാത്രകളും അയിത്തജാതിക്കാര്‍ കല്ലുമാല ധരിക്കണമെന്ന ആചാരത്തിനെതിരെ നടത്തിയ കല്ലുമാല ബഹിഷ്‌ക്കരണ സമരവും താഴ്ന്ന ജാതിക്കാരുടെ മക്കളുടെ വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ പ്രക്ഷോഭവും എട്ടുമണിക്കൂര്‍ ജോലിക്കും മെച്ചപ്പെട്ട കൂലിക്കും ഒരു ദിവസം അവധിക്കും കര്‍ഷകത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുമായി നടത്തിയ കര്‍ഷകസമരവുമെല്ലാം ഇന്ത്യയിലെ തൊഴിലാളി മുന്നേറ്റങ്ങള്‍ക്കുള്ള അടിത്തറ പാകി.
നീതി നിഷേധിക്കപ്പെട്ട മുഴുവന്‍ ജനതയുടേയും അത്താണിയായിരുന്നു അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘം. തിരുവനന്തപുരത്തെ വെങ്ങാനൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ അയ്യന്‍- മാല ദമ്പതിമാരുടെ മകനായി ജനിച്ച അയ്യങ്കാളിയുടെ ജീവിതം തന്നെ ഒരു സമരമായിരുന്നു. 1912-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് സാമാജികനായി നോമിനേറ്റ് ചെയ്യപ്പെട്ട അയ്യങ്കാളി രണ്ട് പതിറ്റാണ്ടുകാലത്തോളം നിയമസഭാ സാമാജികനായി തുടര്‍ന്നു.
ഭൂപരിഷ്‌ക്കരണത്തിനായുള്ള ആവശ്യങ്ങള്‍ അക്കാലത്തു തന്നെ പ്രഭാസഭയില്‍ അയ്യങ്കാളി ഉന്നയിച്ചിരുന്നു. 1937 ജനുവരി 14-ന് ഗാന്ധിജി അയ്യങ്കാളിയെ വെങ്ങാനൂരില്‍ ചെന്നു കണ്ട് ‘ഞാന്‍ താങ്കള്‍ക്കുവേണ്ടി എന്തുചെയ്യണം’ എന്നു ചോദിച്ചപ്പോള്‍ ‘അധഃസ്ഥിതരില്‍ നിന്നും പത്ത് ബി എക്കാരെ കണ്ടിട്ടുവേണം തനിക്ക് മരിക്കാന്‍’ എന്നായിരുന്നു അയ്യങ്കാളിയുടെ മറുപടി.