എരഞ്ഞോളിയില്‍ ബോംബ് സ്ഫോടനം നടന്ന വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടി തെളിച്ച് പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. തലശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നും തന്നെ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.