വയനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രിയായി അധികാരമമേറ്റെടുക്കാനിരിക്കെ വയനാടിലെ പ്രശ്നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് നിയുക്ത മന്ത്രി ഒ ആര്‍ കേളു. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഒ ആര്‍ കേളു പറഞ്ഞു. വയനാട്ടിലെ ആരോഗ്യരംഗത്ത് പുരോഗതി ഉറപ്പാക്കാന്‍ ശ്രമിക്കും. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തന്നാലാകുന്നതുപോലെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വയനാട്ടില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നുവരികയാണെന്ന് ഒ ആര്‍ കേളു പറഞ്ഞു. ചുരമിറങ്ങാതെ തന്നെ വയനാട്ടുകാര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. പട്ടിക വര്‍ഗത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാകുന്നില്ല. തന്റെ മുന്നിലുള്ള 24 മാസം കൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പറ്റുന്നതെല്ലാം ചെയ്യുമെന്നും ഒ ആര്‍ കേളു പറഞ്ഞു.