Hivision Channel

ഐ എസ് ആര്‍ ഒ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞ് തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ 35കാരി ഹണി ട്രാപ്പില്‍ കുടുക്കി

കാസര്‍ഗോഡ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി യുവാക്കളെ മുപ്പത്തിയഞ്ചുകാരി ഹണി ട്രാപ്പില്‍ കുടുക്കിയതായി പരാതി. കാസര്‍ഗോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് എതിരെ പൊലീസ് കേസെടുത്തു. ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്

പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കി.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പോലീസുകാരില്‍ പലരും വിവരം മറച്ചു വച്ചു. പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വര്‍ണ്ണമാലയും യുവതി തട്ടിയെടുത്തു. ജയിലിലായ യുവാവില്‍ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരന്‍ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതിയ്‌ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *