Hivision Channel

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം, അനിശ്ചികാല സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. യൂത്ത് ലീഗ്, മുസ്ലീം ലീഗ് നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായത്.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പൊലീസിനുനേരെ കൊടികള്‍ കെട്ടിയ വടി വലിച്ചെറിയുകയും ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. 


അതേസമയം, ഇന്ന് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസ് പറഞ്ഞു. ഇത് ന്യായത്തിനുവേണ്ടിയുള്ള സമരമാണെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ചാണകകുഴിയുണ്ടാക്കാൻ പണമുണ്ടെന്നും അധിക ബാച്ച് അനുവദിക്കാൻ പണമില്ലെന്നും പികെ ഫിറോസ് ആരോപിച്ചു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. താത്കാലിക ബാച്ച് അനുവദിച്ചാല്‍ സമരം തീരില്ലെന്നും പികെ ഫിറോസ് പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി നടത്തുന്ന ചർച്ചയിൽ തീരുമാനം ഉണ്ടായേ മതിയാകുവെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രണ്ടു മണിക്കുള്ള മന്ത്രിതല ചര്‍ച്ചയ്ക്ക് മുന്നോടിയായി യൂത്ത് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. പികെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *