സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു. എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയര്‍ന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കണക്ക് കൂട്ടിയതിലും നേരത്തെ പകര്‍ച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും.
പത്ത് ദിവസത്തിനിടെ 1075 ഡെങ്കികേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എന്‍1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ബാധിച്ച് 26 പേര്‍ മരിച്ചു. ജൂണ്‍ 26ന് റിപ്പോര്‍ട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്.തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കില്‍, ഈ മാസം ഇതുവരെ 2013 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതില്‍ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്ത്.
കഴിഞ്ഞ മാസത്തേക്കാള്‍ മൂന്നരയിട്ടി എച്ച്1എന്‍1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതല്‍ ഡെങ്കികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും കേസ് ഉയരുന്നുണ്ട്. പ്രതിദിന പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേക്ക് ഉയരാമെന്നാണ് കണക്കുകൂട്ടല്‍.