എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എഫ്‌ഐയെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി നിയമസഭയില്‍ പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 35 പേര്‍ കൊലചെയ്യപ്പെട്ടു. ഇത്തരം ഒരു അനുഭവം കെഎസ്യുവിന് പറയാനുണ്ടോയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.
കൊല നടത്തുക അതിനെ നിര്‍ലജ്ജം ന്യായീകരിക്കുക, കൊലയാളികളെ സംരക്ഷിക്കുക ഇതാണ് പ്രതിപക്ഷ നേതാക്കള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ. നിങ്ങള്‍ നടത്തിയ ആക്രമങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്‌ഐ വളര്‍ന്നുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പടിപടിയുള്ള വളര്‍ച്ചയായിരുന്നില്ലേ എസ്എഫ്‌ഐയുടേത്. നടക്കാന്‍ പാടില്ലാത്തത് നടക്കുന്നുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കുന്നത് ഞങ്ങടെ പണിയല്ല. തെറ്റിനെ തെറ്റായി തന്നെ പറയുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
എസ്എഫ്‌ഐ നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനമാണ്. അതിനെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമായ കാര്യം. അത് ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും സ്ഥാപനവും പരിശ്രമം നടത്തണം. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു പ്രത്യേക വിദ്യാര്‍ത്ഥി സംഘടനയെ താറടിക്കാനുള്ള കാഴ്ചപ്പാട് പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കും. മരംകണ്ട് കാട് കാണുന്നില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. സംഘര്‍ഷത്തില്‍ നടപടി ഉണ്ടാകും. അതില്‍ പെട്ടവര്‍ നടപടി നേരിടുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ കാണാതെ ക്യാമ്പസുകളില്‍ ആകെ ഗുണ്ടാവിളയാട്ടം എന്ന് പ്രചരിപ്പിക്കരുത്. പക്ഷപാതപരമായ പ്രചരണത്തിന് സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകാം. സര്‍ക്കാരിന് അത് അംഗീകരിക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.