പ്ലസ് വൺ ആദ്യസപ്ലിമെന്ററി അലോട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ താത്കാലികമായി പുതിയ ബാച്ച് അനുവദിച്ചേക്കും. ഈ സീറ്റുകൂടി പരിഗണിച്ച് അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു.
52,530 മെറിറ്റ് സീറ്റാണ് സപ്ലിമെന്ററി അലോട്‌മെന്റിലുള്ളത്. മുഖ്യഅലോട്‌മെന്റുകൾ പൂർത്തിയായപ്പോൾ 41,222 മെറിറ്റ് സീറ്റാണ് മിച്ചമുണ്ടായത്. സ്പോർട്‌സ് ക്വാട്ടയിൽ ഒഴിവുള്ള 3,172 സീറ്റും മാനേജ്‌മെന്റ്, കമ്യൂണിറ്റി മെറിറ്റുകളിൽ അവശേഷിച്ച 8,136 സീറ്റും ഇതിനൊപ്പം ചേർത്താണ് സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുക.
സപ്ലിമെന്ററി ഘട്ടത്തിൽ രണ്ട് അലോട്‌മെന്റുകളാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. താത്കാലിക ബാച്ച് അനുവദിക്കുന്ന സാഹചര്യത്തിൽ ഒരു അലോട്‌മെന്റകൂടി നടത്തിയേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഒഴിവുള്ള സീറ്റിന്റെ എണ്ണത്തിനടുത്ത അപേക്ഷകൾ മാത്രമാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി ലഭിച്ചിട്ടുള്ളത്.
സ്പോർട്‌സ്, മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശന നടപടി പൂർത്തിയായതിനാൽ ഇനി സപ്ലിമെന്ററി അലോട്‌മെന്റ് വഴി മെറിറ്റിലുള്ള പ്രവേശനം മാത്രമേ സാധ്യമാകൂ.