Hivision Channel

കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാഭീഷണിയായ മയിലുകളെ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും

കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാഭീഷണിയായ മയിലുകളെ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. വനം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മയിലുകളെ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെയും നിയമിക്കുന്നുണ്ട്. റണ്‍വേയില്‍ പറന്നിറങ്ങുന്ന മയിലുകള്‍ കണ്ണൂരില്‍ വലിയ പ്രശ്‌നക്കാരാണ്. ലാന്‍ഡിങ്, ടേക്ക് ഓഫ് സമയങ്ങളില്‍ വന്‍ അപകടഭീഷണി. മയിലുകളെത്തുന്നത് പതിവായതോടെയാണ് അവയെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് ആലോചന തുടങ്ങിയത്.

ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയായതിനാല്‍ പ്രത്യേക അനുമതി വേണം. അങ്ങനെയാണ് വനം മന്ത്രി തന്നെ യോഗം വിളിച്ചത്. മയിലുകളെ പിടികൂടി മാറ്റാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനമായി. വിമാനത്താവളത്തിലെ പുല്‍ത്തകിടികള്‍ വെട്ടാനും പ്രത്യേകം ജീവനക്കാരെ നിയമിക്കും. 2500 ഏക്കറിലാണ് മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവളം.

കുറ്റിക്കാടുകളേറെയുള്ള പ്രദേശത്ത് കുറുനരിയും പന്നിയുമെല്ലാമുണ്ട്. വിമാനത്താവളം വന്നപ്പോള്‍ കുറുനരിയുടെ എണ്ണം കുറഞ്ഞതോടെ മയിലുകള്‍ പെരുകിയതാവാം എന്നാണ് വനം വകുപ്പ് പറയുന്നുത്. അതേസമയം വിമാനത്താവളത്തില്‍ നിന്നും മയിലിനെ ഇനി പിടികൂടിയാലും യോജിച്ച ആവാസവ്യവസ്ഥയില്‍ തുറന്നുവിടുന്നതും വെല്ലുവിളിയാകും.

Leave a Comment

Your email address will not be published. Required fields are marked *