മക്കിമലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം തീവ്ര പരിശോധനയുമായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്. മക്കമലയിലേതിനും സമാനമായി മറ്റിടങ്ങളിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പ്രത്യേക പരിശോധന. കേസ് വൈകാതെ എന്‍ഐഎ ഏറ്റെടുക്കും.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വന മേഖലയിലെ ഗ്രാമങ്ങള്‍, പാടികള്‍, സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജൂണ്‍ 25ന് കുഴി ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിശോധിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട്, കണ്ണൂര്‍ വയനാട് ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ നായകളും ഒപ്പമുണ്ട്. അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നു.
കബനി ദളത്തിലെ മാവോയിസ്റ്റുകള്‍ വലിയ ആക്രമണത്തിന് ഒരുങ്ങുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന കിട്ടിയിരുന്നു. അതിനിടെയാണ് കൊടക്കാട് കുഴിബോംബ് കണ്ടെത്തിയത്. ശക്തികേന്ദ്രങ്ങളില്‍ മാത്രം മാവോയിസ്റ്റുകള്‍ പയറ്റുന്ന ആക്രമണ രീതിയാണ് കുഴിബോംബ് സ്‌ഫോടനം. തണ്ടര്‍ ബോള്‍ട്ടിനെ ആക്രമിക്കാന്‍ കുഴിബോംബ് ഒരുക്കിയതോടെ കേരളത്തിന്റെ വനമേഖലയില്‍ ഇതുവരെയുള്ള രീതിയാകില്ല സേനയും പിന്തുടരുക. മൃദുസമീപനം വേണ്ടെന്നാണ് തണ്ടര്‍ബോള്‍ട്ടിനും എസ്ഒജിക്കും കിട്ടിയ നിര്‍ദേശം.
കബനി ദളത്തില്‍ നിലവില്‍ നാലുപേരേ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സംഘത്തിന്റെ ഇപ്പോഴത്തെ കമാന്‍ഡര്‍ സി.പി മൊയ്തീനാണ്. ബോംബ് നിര്‍മാണത്തിലടക്കം പരിശീലനം കിട്ടിയ മാവോയിസ്റ്റാണ് ഇയാള്‍. ഇതാണ് കൂടുതല്‍ സ്ഥലങ്ങളില്‍ ബോബ് സ്ഥാപിച്ചിട്ടുണ്ടാകുമെന്ന സംശയത്തിനും കാരണം. അതിനിടെ പ്രാദേശിക പിന്തുണ മാവോയിസ്റ്റുകള്‍ക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബോധവത്കരണവും നടത്തുന്നുണ്ട്.