Hivision Channel

ഫോട്ടോ കൊടുത്താല്‍ മതി; വാട്‌സ്ആപ്പിലെ മെറ്റ എഐ ഉടന്‍ സുന്ദരമാക്കിത്തരും, ഒപ്പം വേറൊരു പ്രത്യേകതയും

സാമൂഹ്യമാധ്യമഭീമനായ മെറ്റ അടുത്തിടെ വാട്‌സ്ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (മെറ്റ എഐ) സംവിധാനം ഉള്‍പ്പെടുത്തിയിരുന്നു. മെറ്റ എഐ നിരവധി യൂസര്‍മാരെ ആവേശംകൊള്ളിക്കുന്നതിനിടെ വാട്‌സ്ആപ്പിലെ പുതിയൊരു അപ്‌ഡേറ്റിന്‍റെ വിവരം പുറത്തുവന്നിരിക്കുകയാണ്. വാട്‌സ്ആപ്പില്‍ പുതിയ എഐ ടൂള്‍ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഫോട്ടോകള്‍ വിശകലനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഇതിനായി മെറ്റ എഐയില്‍ കയറി നിര്‍ദേശം നല്‍കിയാല്‍ മതിയാകും. മെറ്റ എഐയില്‍ പ്രവേശിച്ച ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നല്‍കിയ ചിത്രം ഇതിന് ശേഷം എഡിറ്റ് ചെയ്യാം. അല്ലെങ്കില്‍ ഫോട്ടോയെ കുറിച്ചുള്ള വിശകലനം എന്താണെന്ന് മെറ്റ എഐയോട് ചോദിച്ചറിയാം. ഫോട്ടോ ഗ്യാലറിയില്‍ നിന്ന് സെലക്ട് ചെയ്തോ മെറ്റ എഐയുടെ താഴെ വലത് മൂലയിലുള്ള ക്യാമറ ക്ലിക്ക് ചെയ്തോ എഡിറ്റിംഗിനായും വിശകലനത്തിനായും സമര്‍പ്പിക്കാം. ഇങ്ങനെ മെറ്റ എഐക്ക് നല്‍കുന്ന ചിത്രങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകും. വാട്‌സ്ആപ്പിന്‍റെ 2.24.14.20 ബീറ്റാ വേര്‍ഷനിലാണ് ഇമേജ് എഡിറ്റിംഗ് ആന്‍ഡ് അനലൈസിംഗ് ടൂള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ എത്രത്തോളം ഫിച്ചറുകള്‍ എഡിറ്റിംഗ് ടൂളില്‍ വരുമെന്ന് വ്യക്തമല്ല. ചിത്രത്തിന്‍റെ പശ്ചാത്തലം മാറ്റുന്നതും ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ മായ്‌ക്കുന്നതുമടക്കമുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂള്‍ മെറ്റ എഐയില്‍ വരുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറുകള്‍ ആക്കി ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. മെറ്റ എഐ നിലവില്‍ വാട്‌സ്ആപ്പിന് പുറമെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും ലഭ്യമാണ്. എഴുത്ത്, ശബ്ദം, ചിത്രങ്ങള്‍ എന്നിവ മനസിലാക്കാനും പ്രതികരിക്കാനുമുള്ള കഴിവ് നിലവില്‍ മെറ്റ എഐയ്ക്കുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *