Hivision Channel

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്.സംസ്ഥാനരാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു ഉമ്മന്‍ചാണ്ടി. അഞ്ചു പതിറ്റാണ്ടിലേറെക്കാലം ഭരണ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന നേതാവ്. അരനൂറ്റാണ്ടിലേറെക്കാലം നിയമസഭാംഗം. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 തെരഞ്ഞെടുപ്പുകള്‍ ജയിച്ചു . സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വ്യക്തിത്വം.

1970 ല്‍ 27 ആം വയസ്സില്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനായിരിക്കെ ആദ്യമായി പുതുപ്പള്ളിയില്‍ മത്സരിച്ചു. ഹാട്രിക് വിജയത്തിനായി മത്സരിച്ച സിറ്റിങ് എം.എല്‍.എ ഇ. എം ജോര്‍ജായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഫലം വന്നപ്പോള്‍ 7,288 വോട്ടിന്റെ അട്ടിമറിജയം. പുതുപ്പള്ളിയുടെ ആകാശത്ത് ഉമ്മന്‍ചാണ്ടി എന്ന താരം ഉദിച്ചുയരുകയായിരുന്നു.

തുടര്‍ച്ചയായി 12 തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്ന് ജയിച്ചുകയറിയത്.
പി.സി ചെറിയാന്‍, എംആര്‍ജി പണിക്കര്‍, തോമസ് രാജന്‍, വിഎന്‍ വാസവന്‍, റെജി സഖറിയ, ചെറിയാന്‍ ഫിലിപ്പ്. സിന്ധു ജോയ്, സുജ സൂസന്‍ ജോര്‍ജ് . ഏറ്റവും ഒടുവില്‍ ജെയ്ക്ക് സി.തോമസ്. എല്ലാവരും ഉമ്മന്‍ചാണ്ടിയോട് മത്സരിച്ച് പരാജയത്തിന്റെ രുചിയറിഞ്ഞവരാണ്.

തേടിയെത്തിയവരെയെല്ലാം ചേര്‍ത്തുപിടിച്ച നേതാവ്, ഈ പ്രതിച്ഛായയാണ് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത.1977ല്‍ തൊഴില്‍ വകുപ്പ് മന്ത്രി, 1981 ല്‍ ആഭ്യന്തരമന്ത്രി, 1991 ല്‍ ധനമന്ത്രി, 2004 ലും 2011ലുമായി രണ്ടു തവണ മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അധികാരത്തിന്റെ ജനകീയവല്‍ക്കരണം നമ്മള്‍ കണ്ടു.

വിവാദങ്ങളും എതിര്‍ശബ്ദങ്ങളും ഉയര്‍ന്നപ്പോഴും തളരാതെയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. അടിമുടി കോണ്‍ഗ്രസുകാരന്‍. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം . പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സ്മൃതികുടീരത്തിലേക്ക് ജനപ്രവാഹമാണ്. ഒരു രാഷ്ട്രീയ നേതാവ് മരണശേഷം ആരാധക മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടുന്ന അപൂര്‍വ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *