Hivision Channel

ആശങ്കയായി വീണ്ടും എച്ച് 1 എന്‍ 1

മഴ കടുത്തതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമേ എച്ച്1എന്‍1 (H1N1) സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരാള്‍ മരിക്കുകയും ചെയ്തു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

എന്താണ് എച്ച്1 എന്‍1?

സൈ്വന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ പന്നിപ്പനി അല്ലെങ്കില്‍ എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവന്‍സ എന്ന അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്‌ളുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെ പകരുന്ന വൈറസാണിത്.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകര്‍ന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തില്‍നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.

ലക്ഷണങ്ങള്‍

സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം കടുക്കാനും ഇടയുണ്ട്.

ചികിത്സാരീതികള്‍

രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിനും വൈറസിനെതിരെയും മരുന്നുകള്‍ കഴിക്കുക. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കാം.

പ്രതിരോധ നടപടികള്‍

  1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക.
  2. ജലദോഷപ്പനിയുണ്ടെങ്കില്‍ വീട്ടില്‍ വിശ്രമിക്കുക.
  3. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക.
  4. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എന്‍1 പനിയും തടയാന്‍ സഹായിക്കും.
  5. പോഷകാഹാരങ്ങള്‍ കഴിക്കുക, ചൂടുള്ള പാനീയങ്ങള്‍ കുടിക്കുക.
  6. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, മറ്റു ദീര്‍ഘകാല രോഗമുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

Leave a Comment

Your email address will not be published. Required fields are marked *