Hivision Channel

അർജുൻ ഇപ്പോഴും കാണാമറയത്ത്; ‘റഡാർ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല’; കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്തും

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. മം​ഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റ​ഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. റഡാർ പരിശോധനയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. ഒരു മണിക്കൂറായി റഡാർ ഉപയോ​ഗിച്ച് പരിശോധന നടത്തുകയാണ്. രാവിലെ 6.30യോടെയാണ് അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചത്. വളരെ സജീവമായിട്ടാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. മണ്ണിടിഞ്ഞതിനെ തുടർന്ന് വൻപാറക്കല്ലുകളും ഇതിനൊപ്പമുണ്ട്. അതിനാൽ സി​ഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം  വ്യക്തമാക്കുന്നു. ജെസിബി ഉപയോ​ഗിച്ച് മണ്ണ് മാറ്റിയും തെരച്ചിൽ നടത്തുന്നുണ്ട്. ഉന്നത ഉദ്യോ​ഗസ്ഥർ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. റഡാർ ഉപയോ​ഗിച്ച് കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. പുഴയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനം, 

റഡാർ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പുഴയിലും പരിശോധന നടത്തുമെന്ന് ഉത്തരകന്നട എസ് പി നാരായണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോറി ഉണ്ടെന്നു കരുതുന്ന സ്ഥലത്ത് 50 അടി ഉയരത്തിൽ മണ്ണ് ഉണ്ട്. അത് മാറ്റണം. മഴവെള്ളം കുടിച്ച മണ്ണിൻ്റെ അവസ്ഥ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോറി പുഴയിൽ പോയിരിക്കാനുള്ള സാധ്യത ഇപ്പോഴും തള്ളുന്നില്ലെന്നാണ് അധികൃതരുടെ പ്രതികരണം. 

Leave a Comment

Your email address will not be published. Required fields are marked *