വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 56 പേരുടെ മരണം സ്ഥിരീകരിച്ചു. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി.
ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവര്‍ത്തത്തിന് സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
പോലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും.