കണ്ണൂര്‍:മഴ തുടരുന്നതിനാല്‍ ജില്ലയില്‍ ശക്തമായ ജാഗ്രത വേണമെന്നും മണ്ണിടിച്ചില്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്കണമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ കതിരൂര്‍ സൈക്ലോണ്‍ ഷെല്‍റ്ററില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നതായും കുടുംബങ്ങളെ അങ്ങോട്ട് മാറ്റി തുടങ്ങിയതായും തലശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു. നിലവില്‍ രണ്ടു കുട്ടികളടക്കം 11 പേര്‍ ക്യാമ്പില്‍ ഉണ്ട്.
ഇരിട്ടി താലൂക്കില്‍ ചാവശ്ശേരി പോസ്റ്റ് ഓഫീസിനടുത്ത് കുത്തനെയുള്ള ഒരു വലിയ പാറ ഇടിഞ്ഞതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. ഇരിട്ടി താലൂക്കില്‍ ഏകദേശം 50 ഓളം കുടുംബങ്ങളെ മഴ കനത്തതിനെ തുടര്‍ന്ന് ബന്ധു വീടുകളിലേക്ക് മാറ്റിയതായി ഇരിട്ടി തഹസില്‍ദാര്‍ അറിയിച്ചു. ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ ഒഴികെ എവിടെയും ദുരിതാശ്വാസ ക്യാമ്പ് നിലവില്‍ തുറന്നിട്ടില്ല.
നെടുംപൊയില്‍ – മാനന്തവാടി ചുരം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാല്‍ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് ) വിഭാഗം അറിയിച്ചിട്ടുണ്ട്.