Hivision Channel

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തും.

കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തും. സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. അതിനിടെ, നേവിയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യന്‍ നേവിയുടെ റിവര്‍ ക്രോസിംഗ് ടീമാണ് വയനാട്ടില്‍ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ടാകും.

അതിനിടെ, തെരച്ചിലിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മീററ്റ് ആര്‍ വിസിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. തെരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോണ്‍ കൂടി പങ്കാളിയാവും. അതേസമയം, വയനാട്ടില്‍ റെഡ് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് അതിശ്കതമായ മഴയ്ക്ക് സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് മഴ പ്രതിസന്ധിയാകും. താമരശ്ശേരി ചുരം വഴി വാഹനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

റംലത്ത്, അഷ്‌റഫ്, കുഞ്ഞിമൊയ്തീന്‍, ലെനിന്‍, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്ററിലെത്തിച്ച 40 മൃതദേഹങ്ങളില്‍- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയില്‍ 8 മൃതദേഹങ്ങളില്‍- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളില്‍ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവില്‍ ഒരു മൃതദേഹം കൂടി കിട്ടി.

Leave a Comment

Your email address will not be published. Required fields are marked *