മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത. 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണ്‍സൂണ്‍ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂരില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തെങ്ങിലക്കടവ്, ആമ്പിലേരി ,വില്ലേരി താഴം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടെ ഗതാഗത തടസവും രൂക്ഷമാണ്. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
പീച്ചി ഡാമിന്റെ 4 സപ്പില്‍വേ ഷട്ടറുകള്‍ 145 സെന്റീമീറ്റര്‍ വീതം തുറന്നു. മഴ തീവ്രമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.തമിഴ്നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.