Hivision Channel

മുണ്ടക്കൈയില്‍ 400 വീടുകള്‍ ഉണ്ടായിരുന്നതില്‍ അവശേഷിക്കുന്നത് 30 എണ്ണം മാത്രമെന്ന് പഞ്ചായത്ത്; മരണം 156

ഒരു ഗ്രാമം അപ്പാടെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയില്‍ കാണാന്‍ സാധിക്കുന്നത്. ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ മാത്രം ബാക്കിയായ കണ്ണീര്‍ക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. 18 ലോറികള്‍ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിക്കും. ബെയിലി പാലം നിര്‍മാണം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. സൈന്യത്തിന്റെ 3 കെടാവര്‍ ഡോഗുകളും ഒപ്പമെത്തും.

കൂടാതെ, കാലവര്‍ഷ ദുരന്തങ്ങള്‍ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാന്‍ യഥേഷ്ടാനുമതി നല്‍കി ഉത്തരവിറക്കി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 6 മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു.

ചൂരല്‍മല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ 98 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോള്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *