നാടിനെ വിറപ്പിച്ച ദുരന്തത്തിന്റെ ശേഷിപ്പായി ഒഴുകുകയാണ് ചാലിയാര്‍ പുഴ. ഇന്നും ഇന്നലെയുമായി ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങളാണ്. ചിന്നി ചിതറിയ ശരീരഭാഗങ്ങളില്‍ പ്രിയപ്പെട്ടവരെ തെരഞ്ഞെത്തുന്നവരുടെ കണ്ണുനീര്‍ ഉള്ളലിപ്പിക്കുകയാണ്.
ഓരോ 15 മിനിറ്റിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ചാലിയാറില്‍ നിന്ന് ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹവും ശരീരാവശിഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നതോടെ ചാലിയാര്‍ പുഴ കണ്ണീര്‍പ്പുഴയായി മാറി. ദുരന്ത മേഖലയില്‍ നിന്ന് കിലോ മീറ്ററുകള്‍ അകലെയാണ് ചാലിയാര്‍ പുഴ. ഉരുള്‍പൊട്ടലില്‍ മണ്ണും കല്ലും ചെളിയും കൂടികലര്‍ന്നെത്തിയ വെള്ളം പുഴയായി രൂപം കൊണ്ടു. ഈ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴ തീരത്ത് വന്നെത്തുകയായിരന്നു. മുണ്ടേരിയിലേയും നിലമ്പൂരിലേയും വിവിധ തീരങ്ങളില്‍ നിന്നായി 70ലധികം മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതില്‍ 39 പൂര്‍ണ്ണ മൃതദേഹവും 32 ലധികം പേരുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. ഇനിയും ചാലിയാര്‍ പുഴയും വീണ്ടെടുക്കാന്‍ ആകാതെ മൃതദേഹങ്ങള്‍ അവശേഷിക്കുന്നുണ്ട്.