വയനാട് മുണ്ടക്കൈ, ചൂരല്‍മ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുങ്ങിപ്പോയവരെ രക്ഷിക്കുകയായിരുന്നു ആദ്യ ഘട്ടം. പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതിനായിരുന്നു പ്രാധാന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചാലിയാറില്‍ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേര്‍ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങള്‍ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബെയ്‌സ്ഡ് റഡാര്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പാലം നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാനായി. ആദ്യ ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത് ഫയര്‍ ഫോഴ്‌സിന്റെ സിപ് ലൈന്‍ പാലത്തിലൂടെയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 66 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതു സംസ്‌കരിക്കുന്നതിന്റെ ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറഞ്ഞുപോയത് വലിയ ജനവാസമേഖലയാണ്. പുനരധിവാസം മികച്ച രീതിയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഇത് അതിവേഗം പൂര്‍ത്തിയാക്കും. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍ മല സ്‌കൂളിന് ബദല്‍ സംവിധാനം ഒരുക്കുമെന്ന മുഖ്യമന്ത്രി അറിയിച്ചു. വെള്ളാര്‍ മല സ്‌കൂളിലെ പഠനത്തിനായി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. അതിനായി വിദ്യാഭ്യാസമന്ത്രി വയനാട്ടില്‍ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയില്‍ സംഭാവന വരുന്നുണ്ടെന്നും സി.എം.ഡി.ആര്‍.എഫ് ചെലവഴിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എം.ഡി.ആര്‍.എഫ് ചുമതലയ്ക്കായി ധനവകുപ്പില്‍ ഉദ്ദ്യേഗസ്ഥരുടെ പ്രത്യേക സംവിധാനം ഒരുക്കും. ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യു പി ഐ ക്യു ആര്‍ കോഡ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും. സ്ഥലവും വീടും നിര്‍മ്മിച്ചു നല്‍കാമെന്ന വാഗ്ദാനം ഈ സെല്‍ ആകും പരിശോധിക്കുക.
പ്രകൃതി ദുരന്തങ്ങളുടെ ആവര്‍ത്തനം ഉണ്ടാകുന്നു.കാലാവസ്ഥ വ്യതിയാനമാണ് പ്രക്യതി ദുരന്തങ്ങളുടെ കാരണം. അതിതീവ്രമഴ മുന്‍കൂട്ടി പ്രവചിക്കാനാകുന്നില്ല. മുന്നറിയിപ്പില്‍ കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്താന്‍ എല്ലാവരും തയാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കേന്ദ്രമാണ് പലപ്പോഴും ഇത്തരം മുന്നറിയിപ്പ് നല്‍കുന്നത്.കാലാനുസൃതമായി അതില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീവ്രമഴയുടെ പ്രവചനത്തിനായി മോഡല്‍ പരാമീറ്റേഴ്‌സ് വികസിപ്പിക്കാന്‍ കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.