Hivision Channel

ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണത്തിന് 350 കോടി രൂപ അനുവദിച്ചു, 22500 പേര്‍ക്ക് പ്രയോജനമെന്ന് മന്ത്രിഎം.ബി രാജേഷ്

ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് നല്കുവാന്‍ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നിലവില്‍ വിതരണത്തിന് ലഭ്യമാണ്. തിങ്കളാഴ്ച മുതല്‍ ഈ തുക വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും ഇതിലൂടെ തുക നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളം രാജ്യത്തിന് സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷന്‍ മാറിക്കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇത്രയും വിപുലമായ ജനകീയ പാര്‍പ്പിട പദ്ധതി ലോകത്ത് മറ്റെങ്ങുമില്ല. 2026 ആകുമ്പോഴേക്കും 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അതിലേറെ വീടുകള്‍ പൂര്‍ത്തിയാകുമെന്നാണ് നിലവിലെ സ്ഥിതി. ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 4,06,768 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1,06,304 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഏവര്‍ക്കും വീട് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

2022ല്‍ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വേണ്ടി 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ആയിരം കോടിയുടെ ഗ്യാരന്റി സര്‍ക്കാര്‍ നല്‍കുകയും, ഈ തുക മുമ്പ് തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. 69,217 പേര്‍ക്കാണ് ഈ തുക വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗ്യാരന്റി സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് ബാക്കി തുകയും അനുവദിക്കും. ഇതിന് പുറമെ നഗരസഭകള്‍ക്കായി 217 കോടി രൂപ കൂടി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ ഈ തുക കൂടി ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതവും ലഭ്യമാണ്. ഹഡ്‌കോ വായ്പ സര്‍ക്കാരിന്റെ ഗ്യാരന്റിയിലാണ് ലഭ്യമാക്കുന്നത്. വായ്പയുടെ പലിശ പൂര്‍ണമായി സര്‍ക്കാരാണ് വഹിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *