വന്ദേ ഭാരത് എക്‌സ്പ്രസിൽ സ്പീക്കർ എ എന്‍ ഷംസീറിന്റെ സുഹൃത്തിന്‍റെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ. യൂണിയനുകൾ സമ്മർദം ശക്തമാക്കിയതിന് പിന്നാലെയാണ് റെയിൽവേയുടെ തീരുമാനം. സ്പീക്കർ എ എൻ ഷംസീറിന്റെ പരാതി പ്രകാരമായിരുന്നു വന്ദേഭാരതിലെ ജോലിയിൽ നിന്ന് നീക്കിയത്. സംഭവം വൻ വിവാദമാകുകയും യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അധികൃതർ തീരുമാനം പിന്‍വലിക്കുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടക്കുന്നത്. കുടംബത്തോടൊപ്പം വന്ദേ ഭാരതിന്‍റെ എക്സിക്യൂട്ടീവ് ക്ലാസിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ. ഷംസീറിനൊപ്പം ഗണേശ് എന്ന സുഹൃത്തും കൂടെയുണ്ടായിരുന്നു. ചെയർ കാർ ടിക്കറ്റ് മാത്രമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. തൃശൂർ എത്തിയപ്പോൾ ചീഫ് ടിടിഇ ജി എസ് പത്മകുമാർ, ഗണേശിനോട് ചെയർ കാറിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഗണേശ് തയ്യാറായില്ല. അങ്ങിനെയെങ്കിൽ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യണമെന്ന് ടിടിഇ പറഞ്ഞു. അതിനും ഗണേശ് തയ്യാറായില്ല. തുടർന്ന് എത്രയും വേഗം മാറണം എന്നാവശ്യപ്പെട്ട് ടിടിഇ മടങ്ങി. പിന്നീട് ട്രെയിന് കോട്ടയത്ത് എത്തിയതോടെ ടിടിയും ഗണേശും തമ്മില് ഇതേ ചൊല്ലി തര്‍ക്കമായി. ബഹളം മൂത്തപ്പോൾ സ്പീക്കർ എ എൻ ഷംസീറും ഇടപെട്ടു. ടിടിഇ രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു ഷംസീറിന്‍റെ ആരോപണം.
യാത്ര അവസാനിച്ചതിന് പിന്നാലെ സ്പീക്കർ, ഡിവിഷണൽ മാനേജര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തന്നോട് മോശമായി പെരുമാറി എന്നായിരുന്നു ഷംസീറിന്റെ പരാതി. തുടർന്ന് ടിടിഇ പത്മകുമാറിനെ വന്ദേഭാരത് എക്സപ്രസിലെ ജോലിയിൽ നിന്ന് അധികൃതർ ഒഴിവാക്കി. ഇതോടെ യൂണിയനുകളും ഇടപെട്ടു. ജോലി ചെയ്തതിന് ഉദ്യോഗസ്ഥനെ ശിക്ഷിച്ച നടപടി അംഗീകരിക്കില്ലെന്ന് കാട്ടി എസ് ആർ എം യു, തിരുവനന്തപുരം ഡിവിഷണൽ മാനേജർക്ക് പരാതി നല്‍കി. സംഭവം വൻ വിവാദമായതോടെ അധികൃതർ തീരുമാനം പിന്‍വലിച്ചു. പത്മകുമാറിന് വന്ദേഭാരതിൽ തന്നെ തുടരാമെന്ന് അറിയിക്കുകയും ചെയ്തു. സ്പീക്കറാണെന്ന് പറഞ്ഞിട്ടും ടിടിഇ ബഹുമാനം കാട്ടിയില്ലെന്നും സ്പീക്കര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയത് കൊണ്ടാണ് പരാതി നല്‍കിയത് എന്നുമാണ് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചത്.