വയനാട്ടിലെ ദുരന്തമേഖലയിൽ അവശേഷിക്കുന്ന കെട്ടിടങ്ങളിൽ നേരിട്ട് പരിശോധിച്ച് കേടുപാടുകൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ വിദഗ്ധസംഘത്തെ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം.
പത്ത് ഉദ്യോഗസ്ഥ സംഘങ്ങളായിത്തിരിഞ്ഞാണ് അവശേഷിക്കുന്നതും ഭാഗികമായി തകർന്നതുമായ വീടുകൾ സന്ദർശിച്ച് വാസയോഗ്യമാണോ എന്ന് വിലയിരുത്തുക. തൊഴുത്ത്, കടകൾ, വാണിജ്യ വ്യവസായസ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയും പരിശോധിക്കും.ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളിൽ പൂർണമായും ഭാഗികമായും കേടുവന്നിട്ടുള്ള കെട്ടിടങ്ങളുടെ സ്ഥിതിയാണ് വിലയിരുത്തുക.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്നുള്ള ജിയോളജിസ്റ്റ്, തദ്ദേശവകുപ്പിൽനിന്നുള്ള സിവിൽ എൻജിനിയർ, ഹെൽത്ത് ഇൻസ്പെക്ടർ, ലാൻഡ് റവന്യുവകുപ്പ് പ്രതിനിധി എന്നിവരാണ് ഉദ്യോഗസ്ഥസംഘത്തിലുണ്ടാവുക. അവർക്കൊപ്പം പ്രദേശം പരിചിതമായ വാർഡ് അംഗത്തെയും ഉൾപ്പെടുത്തും.
അവശേഷിക്കുന്ന കെട്ടിടത്തിന്റെ അടിത്തറമുതൽ മേൽക്കൂരവരെയുള്ള ഭാഗങ്ങളുടെ ഉറപ്പ്, ചുറ്റും അടിഞ്ഞുകൂടിയ അവശിഷ്ടം കെട്ടിടത്തിന് എത്രത്തോളം ഭീഷണിയാണ് തുടങ്ങിയ കാര്യങ്ങൾ സംഘം വിലയിരുത്തും. കെട്ടിടം പൊളിച്ചുമാറ്റേണ്ടതുണ്ടെങ്കിൽ അക്കാര്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
കെട്ടിടത്തെ ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചിട്ടുണ്ടോ, ചുവരുകളിലെ വിള്ളലുകൾ, അടിത്തറയുടെ സ്ഥാനഭ്രംശം, മേൽക്കൂരയുടെ സ്ഥിതി, കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി, തുടങ്ങിയവ പരിശോധിക്കും. സമീപത്തെ മണ്ണിടിച്ചിൽസാധ്യത, പാറ, മണ്ണ്, ദ്രവീകൃത അവശിഷ്ടം എന്നിവയുടെ സാന്നിധ്യം, കുടിവെള്ള ലഭ്യത, മാലിന്യപ്രശ്നം തുടങ്ങിയവയും പ്രത്യേകം വിലയിരുത്തിയാവും അന്തിമറിപ്പോർട്ട് തയ്യാറാക്കുക.
തദ്ദേശ ജോയിന്റ് ഡയറക്ടർ, എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ ഉദ്യോഗസ്ഥതലറിപ്പോർട്ട് പരിശോധിക്കും. അന്തിമറിപ്പോർട്ട് തയ്യാറാക്കി ദുരന്തനിവാരണ അതോറിറ്റിക്ക് നൽകുക അവരാണ്.
സേനകളുടെ തുടർപ്രവർത്തനം തീരുമാനിക്കും
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകുന്ന സായുധസേനകളുടെ തുടർപ്രവർത്തനം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിൻറ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇൻറർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിന്റെ സന്ദർശനത്തിനാവശ്യമായ നടപടിയെടുക്കാൻ റിലീഫ് കമ്മിഷണറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
മൃതദേഹങ്ങളുടെ ഡി.എൻ.എ. പരിശോധന സ്വകാര്യലാബുകളിലും ചെയ്യാനാകുമോയെന്ന് പരിശോധിക്കും. ദുരന്തബാധിതമേഖലകളിലെ വീടുകളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കളെടുക്കാൻ സാധിക്കുമെങ്കിൽ പോലീസിന്റെ സാന്നിധ്യത്തിൽ അവസരമൊരുക്കും. നഷ്ടമായ രേഖകൾ ലഭ്യമാക്കാൻ അക്ഷയ, ഐ.ടി. മിഷൻ, പഞ്ചായത്തുകൾ എന്നിവയെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനമൊരുക്കും.