സാധ്യമായതെല്ലാം ദുരന്തമേഖലയിലേക്ക് ചെയ്യുമെന്ന് റവന്യുമന്ത്രി കെ രാജന്‍. വയനാടിനെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങള്‍ക്കും ശരീരഭാഗങ്ങള്‍ക്കും സംസ്ഥാന പൊലീസിന്റെ ആദരം നല്‍കിയാണ് സംസ്‌കരിച്ചത്. ഡിഎന്‍എ ടെസ്റ്റിന്റെ നമ്പര്‍ സഹിതമാണ് ഓരോ മൃതദേഹവും സംസ്‌കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വയനാടിനായി നീര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. റവന്യൂ വകുപ്പിന്റെ പക്കലുള്ള ടൗണ്‍ഷിപ്പിന് ഉതകുന്ന ഭൂമിയുടെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിരുന്നു. ദുരിതബാധിതര്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തിലും മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേരുന്നത്.
മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും മന്ത്രിസഭായോഗം പരിഗണിക്കും. എത്ര നാള്‍ രക്ഷാപ്രവര്‍ത്തനം തുടരണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്‌തേക്കും. സ്‌കൂളുകളിലെ ക്യാമ്പുകളില്‍ നിന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ച് അധ്യയനം തുടങ്ങുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിലുള്ള പുരോഗതി യോഗം വിലയിരുത്തും. ടൗണ്‍ഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കല്‍ അടക്കം ചര്‍ച്ചയാകും.