Hivision Channel

സ്‌കാൻ ചെയ്യൂ, പരാതികളും നിർദേശങ്ങളും പറയൂ; ക്യുആർ കോഡുമായി ഡിടിപിസി

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാൻ ക്യുആർ കോഡുമായി ഡിടിപിസി. പരാതികളും നിർദേശങ്ങളും പങ്കുവെക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഡി ടി പി സി മുൻകൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണ്. ക്യുആർ കോഡുള്ള ബോർഡ് സ്‌കാൻ ചെയ്താണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്.പയ്യാമ്പലം ബീച്ച്, പയ്യാമ്പലം പാർക്ക്, പയ്യാമ്പലം സീ പാത്ത് വേ, ധർമ്മടം ബീച്ച്, ധർമ്മടം പാർക്ക്, പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ ക്യൂആർ കോഡ് ബോർഡ് സ്ഥാപിച്ച് വിജയിച്ചതിനെ തുടർന്നാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഡിറ്റിപിസിയുടെ കീഴിലുള്ള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഫീഡ്ബാക്ക് ആയി നൽകാം.രണ്ടാം ഘട്ടമായി വയലപ്ര പാർക്ക്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പഴശ്ശി ഉദ്യാനം, ചൂട്ടാട് ബീച്ച് പാർക്ക്, പാലക്കാട് സ്വാമി മഠം പാർക്ക്, പാലക്കയം തട്ട് ടൂറിസം കേന്ദ്രം, തലശ്ശേരി ഗുണ്ടർട്ട് മ്യൂസിയം എന്നിവിടങ്ങളിൽ ആഗസ്റ്റ് 15 നകം ക്യൂആർ നിലവിൽ വരും.ചാൽബീച്ചിൽ സ്ഥാപിച്ച ക്യൂആർ കോഡിലൂടെ ബീച്ചിലേക്കുള്ള പ്രവേശന സമയം, സുരക്ഷിതമായി ബീച്ചിൽ ഇറങ്ങാൻ പ്രത്യേകമായി മാർക്ക് ചെയ്തിരിക്കുന്ന സ്ഥലം, ലൈഫ് ഗാർഡ് ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങൾ, ബീച്ച് മാപ്പ്, ടർട്ടിൽ ഹാച്ചറി തുടങ്ങിയ വിവരങ്ങൾ ലഭിക്കും.ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയും പോരായമകളും പരാതികളും അറിഞ്ഞ് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആശയമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. ഫീഡ്ബാക്ക് വഴി ലഭിക്കുന്ന പരാതികൾ എല്ലാ ആഴ്ച്ചകളിലും പരിശോധന നടത്തി തുടർനടപടി സ്വീകരിക്കാൻ ഡിറ്റിപിസിക്ക് നിർദേശം നൽകിയതായും അറിയിച്ചു. ക്യുആർ കോഡ് വഴി ലഭിക്കുന്ന പരാതികളുടെ മോണിറ്ററിങ്ങിനായി അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥസായി കൃഷ്ണയുടെ നേതൃത്യത്തിൽ ക്ര്യത്യമായ ഇടവേളകളിൽ മോണിറ്ററിങ് കമ്മിറ്റി യോഗങ്ങൾ ചേരുന്നു.ഡിടിപിസി നിർവാഹക സമിതി യോഗത്തിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ടി ഐ മധുസൂദനൻ എംഎൽഎ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ ചേർന്ന് ക്യൂആർ കോഡ് പ്രകാശനം ചെയ്തു. കണ്ണൂർ സിറ്റി അഡീഷണൽ എസ് പി, കെ വി വേണുഗോപാൽ, ഡിടിപിസി നിർവാഹക സമിതി അംഗങ്ങളായ കെ ടി ശശി, കെ എം വിജയൻ മാസ്റ്റർ, കെ കമലാക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *