Hivision Channel

ആശുപത്രി പരിസരത്ത് ഡോക്ടര്‍ ചമഞ്ഞ് കറക്കം, തട്ടിയെടുത്തത് അഞ്ചരലക്ഷം; അമ്മയും മകനും പിടിയില്‍

 ഡോക്ടര്‍ ചമഞ്ഞ് ഏലപ്പാറ സ്വദേശിയുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ അമ്മയും മകനും അറസ്റ്റിലായി. പാലാ കിടങ്ങൂര്‍ മംഗലത്ത്കുഴിയില്‍ ഉഷ അശോകന്‍(58), മകന്‍ വിഷ്ണു(38) എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രദീഷിന്റെ പക്കല്‍നിന്നു പലതവണയായി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

പ്രദീഷ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് പരിചയപ്പെടുന്നത്. പ്രദീഷ് തന്റെ മകന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി പരിസരത്ത് കണ്ട വിഷ്ണു, പ്രദീഷിനെ ആശുപത്രി കാര്യങ്ങളില്‍ സഹായിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നും പരിചയപ്പെടുത്തി. പിന്നീട് പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴും പ്രദീഷ്, വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്ക് 55 ലക്ഷം രൂപ ചെലവായി. ചെലവായ തുകയുടെ 32 ശതമാനം രൂപ ആരോഗ്യവകുപ്പില്‍നിന്നു വാങ്ങി നല്‍കാമെന്ന പേരിലാണ് പല തവണയായി വിഷ്ണുവും അമ്മ ഉഷയും പ്രദീഷിന്റെ പക്കല്‍നിന്നു പണം കൈപ്പറ്റിയത്.

പ്രദീഷ് നല്‍കിയ പരാതിയില്‍ പീരുമേട് പോലീസാണ് ഇരുവരേയും പിടിച്ചത്. ഏറ്റുമാനൂരില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പതിനൊന്ന് കേസുകള്‍ ഇവരുടെ പേരിലുണ്ട്. നോര്‍ത്ത് പറവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *