Hivision Channel

ഹൈപ്പര്‍ടെന്‍ഷന് ചികിത്സ വൈകിയാല്‍ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് ഗവേഷകര്‍

മറവിരോ​ഗത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് പലപഠനങ്ങളും നടന്നുവരുന്നുണ്ട്. ടൈപ് 2 ഡയബറ്റിസ്, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, പക്ഷാഘാതം തുടങ്ങിയവയൊക്കെ അൽഷിമേഴ്സ് സാധ്യത കൂട്ടുന്നതായി ​ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഹൈപ്പർടെൻഷനും അൽഷിമേഴ്സും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് പറയുകയാണ് ഒരുകൂട്ടം ​ഗവേഷകർ. ഹൈപ്പർടെൻഷൻ‌ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്.

ന്യൂസൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കുന്ന ന്യൂറോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം 72 വയസ്സുപ്രായമുള്ള 31,000-ത്തിലേറെ പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്. ഓസ്ട്രേലിയ, സ്പെയിൻ, ജപ്പാൻ തുടങ്ങി പതിനാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പഠനത്തിന്റെ ഭാ​ഗമായത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഒമ്പതുശതമാനംപേർ ഉയർന്ന രക്തസമ്മർദത്തിന് ചികിത്സ തേടാത്തവരാണെന്ന് കണ്ടെത്തിയത്. 51ശതമാനംപേർ ഹൈപ്പർടെൻഷന് മരുന്നെടുക്കുന്നവരും 36 ശതമാനം പേർ ഉയർന്ന രക്തസമ്മർദം ഇല്ലാത്തവരുമാണ്.

ആ​ഗോളതലത്തിൽ 46ശതമാനംപേരും തങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് തിരിച്ചറിയാത്തവരാണെന്ന് ​ഗവേഷകർ പറയുന്നു. ഹൈപ്പർടെൻഷൻ ഉള്ള അഞ്ചിലൊരാൾ മാത്രമേ അത് ഫലപ്രദമായി നിയന്ത്രണവിധേയമാക്കുന്നുള്ളൂ എന്നും ​ഗവേഷകർ പറയുന്നുണ്ട്. ഹൈപ്പർടെൻഷന് ചികിത്സ തേടാത്തവരിൽ 36ശതമാനമാണ് അൽഷിമേഴ്സിന് സാധ്യതയുള്ളത്. ഹൈപ്പർടെൻഷന് ചികിത്സ സ്വീകരിക്കുന്നവരിൽ താരതമ്യേന അൽഷിമേഴ്സ് സാധ്യത കുറവാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

ആ​ഗോളതലത്തിൽ മുപ്പത്തിനും എഴുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള ഇരുനൂറു കോടിയിലേറെ പേർ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർ ടെൻഷനുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അറുപതിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് പൊതുവേ ഹൈപ്പർ ടെൻഷൻ സാധാരണമായി കാണാറുള്ളതെങ്കിലും യുവാക്കളിലും ഇതു കൂടുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നത്.

ഹൈപ്പർടെൻഷൻ സ്ഥിരീകരിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ

രക്താതിമര്‍ദം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ അസുഖത്തെ നിയന്ത്രണ വിധേയമാക്കുവാനുള്ള നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദിഷ്ടകാലയളവ് വരെ മുടക്കമില്ലാതെ തുടരുക എന്നതില്‍ വിട്ടുവീഴ്ച അരുത്. മരുന്നുകളുടെ ഉപയോഗം ഇടയ്ക്ക് വെച്ച് നിര്‍ത്തുകയോ, സ്വന്തം ഇഷ്ടപ്രകാരം ക്രമീകരിക്കുകയോ, അശാസ്ത്രീയമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയോ ചെയ്യരുത്. ഇവയെല്ലാം പലപ്പോഴും ഗുണത്തേക്കാള്‍ വലിയ ദോഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.

ജീവിത ശൈലി ക്രമീകരണം നിര്‍ബന്ധമാണ്. രക്താതിമര്‍ദത്തിലേക്ക് നയിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ബന്ധമായും ക്രമീകരിക്കണം. പൊണ്ണത്തടി കുറയ്ക്കുക, കൃത്യമായ അളവില്‍ വ്യായാമം ചെയ്യുക, ഉപ്പേരി, പപ്പടം, ഉണക്ക മത്സ്യം, അച്ചാര്‍ പോലുള്ള ഉപ്പ് കൂടുതലായി അടങ്ങിയ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും ഉപ്പിന്റെ ഉപയോഗം ആവശ്യമെങ്കില്‍ രുചിക്ക് വേണ്ടി അല്‍പ്പം എന്ന രീതിയില്‍ മാത്രമാക്കുകയും ചെയ്യണം.

ജീവിത ശൈലീ രോഗങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം മാനസിക സമ്മര്‍ദമാണ്. തൊഴില്‍പരമായും അല്ലാതെയുമുള്ള മാനസിക സംഘര്‍ഷം പുതിയ കാലത്തിന്റെ സവിശേഷത കൂടിയാണ്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദത്തെ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. പല അസുഖങ്ങള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന രീതി ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശത്തോട് കൂടി മാത്രമേ മരുന്നുകള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

രക്താതിമര്‍ദത്തിനായി ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്ന് നിര്‍ദ്ദേശിച്ച അളവില്‍ എത്രകാലമാണോ കഴിക്കേണ്ടത് അത്രയും കാലം കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നിന്റെ അളവില്‍ ക്രമീകരണം നടത്തണം. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം മരുന്ന് ക്രമീകരിക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്.

Leave a Comment

Your email address will not be published. Required fields are marked *