പലിശ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഈമാസം ഒന്‍പതിന് കുളവന്‍മുക്കിലെ സാമ്പത്തിക ഇടപാടുകാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് കിട്ടാന്‍ വൈകുന്നതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയും ആയിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി.
ആക്രമണമുണ്ടായ ദിവസം വൈകിട്ട് അവശനിലയില്‍ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തി. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് മരണം സംഭവിക്കുകയും ചെയ്തു. മരണ കാരണമായേക്കുന്ന നിരവധി പരുക്കുകള്‍ മനോജിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പരിചരിച്ച ഡോക്ടര്‍മാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.
പണം വാങ്ങിയിട്ടുള്ള സംഘത്തിന്റെ വിവരങ്ങള്‍ ബന്ധുക്കള്‍ പൊലീസിന് കൈമാറി. ബന്ധുക്കളുടെ പരാതിയില്‍ പുതുനഗരം, കുഴല്‍മന്ദം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആക്രമിച്ചവരെക്കുറിച്ചും കാരണം സംബന്ധിച്ചും അന്വേഷണം തുടങ്ങി.