Hivision Channel

വയനാട് ദുരന്തം,17കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ല; സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കി; മുഖ്യമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരും ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യും. അതിനായി ചീഫ് സെക്രട്ടറിയേ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചു പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതര്‍ക്കായി 75 സര്‍ക്കാര്‍ ക്വര്‍ട്ടേഴ്സുകള്‍ വാസയോഗ്യമാക്കി. 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു. മാറി താമസിക്കാന്‍ ബാക്കിയുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കൂടുതല്‍ വീടുകള്‍ കണ്ടെത്താന്‍ കാര്യമായ തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തഭൂമിയില്‍ നിന്ന് 179 മൃതദ്ദേഹങ്ങള്‍ ഇത് വരെ തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ 17 കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ലെന്നും 65 പേരാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച 59 പേരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങള്‍ക്ക് 10000 രൂപ അടിയന്തിര ധനസഹായം നല്‍കുകയും ചെയ്തു. ദുരിതം തകര്‍ത്ത മേഖലയെ തിരിച്ചു കൊണ്ടു വരാന്‍ ബാങ്കുകളുടെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിഭാഗം പേരും ലോണുകള്‍ എടുത്തവരാണ്. ദുരന്തത്തില്‍ കൃഷി ഭൂമികള്‍ ഉള്‍പ്പടെ നശിച്ചു. അനേകം പേര്‍ ഒറ്റപ്പെട്ടുപോയി. ഈ സാഹചര്യത്തില്‍ ലോണുകള്‍ എഴുതി തള്ളണമെന്ന ആവശ്യം ബാങ്കേഴ്‌സ് യോഗത്തില്‍ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 30 ന് ശേഷം പിടിച്ച ഇഎംഐകള്‍ അതാത് ബാങ്ക് അകൗണ്ടുകളിലേക്ക് തിരിച്ചടയ്ക്കണമെന്ന് ബാങ്കേഴ്‌സ് കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *