Hivision Channel

കേരള ബ്രാന്‍ഡ് ലൈസന്‍സുകള്‍ ഇന്ന് മുതല്‍

കേരള ബ്രാന്‍ഡ് ലൈസന്‍സുകള്‍ ഇന്ന് മുതല്‍ ലഭ്യമാകുന്നതോടെ കേരളം ദിശാബോധത്തോടെയുള്ള മറ്റൊരു ചുവടുവെപ്പിന് കൂടി സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി പി രാജീവ്. കേരള ബ്രാന്‍ഡില്‍ ഇറങ്ങുന്ന ഉല്‍പ്പന്നങ്ങളായിരിക്കണം ഇനി മുതല്‍ ഈ മേഖലയിലെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ എന്ന നിലയില്‍ മുന്നോട്ടുപോകാന്‍ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.

കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ആണോ എന്ന നിലയില്‍ ഉപഭോക്താക്കള്‍ കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി മാര്‍ക്കറ്റിലേക്കെത്തണം. അത്തരം ഗുണനിലവാര പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ ലൈസന്‍സ് സര്‍ക്കാര്‍ കൈമാറുന്നുള്ളൂ എന്നതിനാല്‍ കേരള ബ്രാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്നേറുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള ബ്രാന്‍ഡ് ലൈസന്‍സ് ലഭ്യമായാല്‍ ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ ‘പ്രൊഡക്ട്’ എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാന്‍ കഴിയും. ഉയര്‍ന്ന നിലവാരമുള്ള സര്‍ട്ടിഫിക്കേഷനുകള്‍ നേടുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാകുന്നതിലൂടെ കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സഹായിക്കും.

ഒപ്പം തന്നെ അന്താരാഷ്ട്ര വ്യാപാര മേളകളിലും മാര്‍ക്കറ്റിംഗ് എക്സ്പോകളിലും പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ/സേവനങ്ങളുടെയും പട്ടികയില്‍ ഇവയും പരിഗണിക്കപ്പെടും. ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ആദ്യ കേരള ബ്രാന്‍ഡ് ലൈസന്‍സ് കൈമാറുക. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമനുസരിച്ചും ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിയും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് ‘കേരള ബ്രാന്‍ഡ്’ ലൈസന്‍സ് ലഭിക്കുക. ഇത്തരമൊരു പ്രത്യേക ലൈസന്‍സ് ലഭിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിലടക്കം ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ മലയാളികള്‍ക്കിടയിലും പിന്നീട് എല്ലാവര്‍ക്കുമിടയിലും കൂടുതല്‍ സ്വീകാര്യത ലഭിക്കും.

കേരളത്തിലെ വ്യവസായങ്ങള്‍ക്ക് പൊതുവായ ഒരു ഐഡന്റിറ്റി നല്‍കുന്നതിനും സംസ്ഥാനത്തെ തദ്ദേശീയ ഉല്‍പന്നങ്ങള്‍ക്ക് സവിശേഷമായ സ്ഥാനം സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ‘കേരള ബ്രാന്‍ഡ് ലൈസന്‍സ്’ കേരളത്തിലെ സംരംഭങ്ങളെ പ്രാപ്തരാക്കും. മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിനാണ് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച വിപണിമൂല്യം സംരംഭത്തിന് ഉറപ്പാക്കാന്‍ സര്‍ട്ടിഫിക്കേഷനിലൂടെ സാധിക്കും. കേരളത്തില്‍ നിന്ന് തന്നെ ശേഖരിച്ച അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഇവിടെ തന്നെ നിര്‍മിച്ച ഉത്പന്നങ്ങള്‍ ആകണം ബ്രാന്‍ഡിനായി അപേക്ഷിക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *