Hivision Channel

കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെണ്‍കുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെണ്‍കുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും. കുട്ടി ഇപ്പോള്‍ വിശാഖപട്ടണത്ത് ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. കുട്ടിയെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയ്ക്ക് വിശാഖപട്ടണത്ത് എത്തിച്ചേരും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ കേരള പൊലീസിന് കൈമാറി ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം.

വിമാനം വഴി കുട്ടിയെ തിരികെയെത്തിക്കുന്ന കാര്യത്തിനാണ് മുന്‍ഗണന. അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍കാര്യങ്ങള്‍ കേരള പോലീസ് തീരുമാനിക്കട്ടെ എന്നാണ് പിഡബ്ല്യുസി ഇന്നലെ പ്രതികരിച്ചിരുന്നു. ട്രെയിനിലെ ബര്‍ത്തില്‍ കിടന്നുറങ്ങുന്ന നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത് വിശാഖ പട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികളായിരുന്നു.

ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടില്‍ ഉപദ്രവം തുടര്‍ന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

അതേ സമയം, മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിന്‍ കയറി സ്വദേശമായ ആസാമിലേക്ക് പോകാന്‍ ശ്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *