Hivision Channel

സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ ഉയരുന്നു; ഈ വര്‍ഷം മാത്രം 121 മരണം

സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ ഉയരുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എലിപ്പനി മരണകണക്കാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത പകര്‍ച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടില്‍ പാളിയെന്നതിന്റെ തെളിവായി മാറുകയാണ് കണക്കുകള്‍.

ജൂണില്‍ 18 പേരും ജൂലൈയില്‍ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയര്‍ന്ന എലിപ്പനി കണക്കാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1916 പേര്‍ക്ക് രോഗബാധ. 1565 പേര്‍ക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോള്‍, 102 മരണം സംശയപ്പട്ടികയിലാണ്. ഇത് എത്ര ഉയര്‍ന്ന കണക്കാണെന്ന് മനസിലാകണമെങ്കില്‍ മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കണം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ 831 പേര്‍ക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു. 2022ല്‍ 2482 പേര്‍ക്ക് രോഗംബാധ സ്ഥിരീകരിച്ചതില്‍ 121 പേരാണ് മരിച്ചത്.

സംശയ പട്ടികയിലെ മരണങ്ങള്‍ കൂടി ചേര്‍ത്താല്‍ 2021 മുതല്‍ 822 പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. പ്രളയമുണ്ടായ 2018ല്‍ പോലും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 32 പേര്‍ മാത്രമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 14 പേരായിരുന്നു പ്രളയം ആവര്‍ത്തിച്ച 2019ല്‍ എലിപ്പനി മൂലം മരിച്ചത്. എലിപ്പനിക്കെതിരെ ഫലപ്രദമായ പ്രതിരോധമാര്‍ഗവും ചികിത്സയുമുണ്ട്. എന്നിട്ടും രോഗകണക്ക് ഉയരുന്നതിന്റെ കാരണം താഴെത്തട്ടിലെ പ്രതിരോധപ്രവര്‍ത്തനങ്ങളിലും നിരീക്ഷണത്തിലുമുള്ള പോരായ്മയാണ്.

ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണം കാര്യമായിയുണ്ടായില്ല. ഇതിന് പുറമേ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കാനുള്ള നിര്‍ദ്ദേശം ഫലപ്രദമായി ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന പരിശോധിക്കണമെന്നാണ് ആരോഗ്യ വിഗദ്ധര്‍ നിര്‍ദേശിക്കുന്നത്. പല കേസുകളിലും എലിപ്പനി സ്ഥിരീകരിക്കുന്നത് രോഗി അതിഗുരുതാവസ്ഥയിലെത്തുമ്പോഴാണ്. എലിപ്പനി ബാധിച്ചാല്‍ വളരെ വേഗം ആന്തരികാവയവങ്ങളെ ബാധിക്കും. അതിനാല്‍ നേരത്തെ രോഗം കണ്ടെത്തണം സൈലന്റ് കില്ലറാണ് എലിപ്പനി. പ്രതിരോധിക്കേണ്ടതും തിരിച്ചറിയേണ്ടതും നിര്‍ണായകം.

Leave a Comment

Your email address will not be published. Required fields are marked *