ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച മുണ്ടക്കൈ-ചൂരല്‍മല സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വെള്ളാര്‍മല സ്‌കൂളിലെ 546 കുട്ടികള്‍ക്കും മുണ്ടക്കൈ സ്‌കൂളിലെ 61 കുട്ടികള്‍ക്കുമാണ് അധികസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമര്‍മലയിലുമുള്ള കുട്ടികളുടെ പഠനത്തില്‍ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉറപ്പുനല്‍കി.വയനാടിനൊപ്പമാണ് ഈ നാട് മുഴുവനെന്നും എല്ലാവരും പഠിച്ചുമുന്നേറണമെന്നും വിദ്യാഭ്യാസ വകുപ്പ് കൂടെയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് 40 ദിവസത്തെ പഠനം നഷ്ടമായിട്ടുണ്ട് അതുകൊണ്ടുതന്നെ അധിക ക്ലാസെടുത്ത് പരിഹാരം ഉണ്ടാകുമെന്നും അതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്നും വെള്ളാര്‍മല സ്‌കൂളിലെ തകരാത്ത കെട്ടിടം ദുരന്തത്തിന്റെ സ്മാരകമായി നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിത പ്രദേശത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അതിന്റെ ആദ്യഘട്ടമാണ് ഈ പ്രവേശനോത്സവമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 607 കുട്ടികളുടെ പ്രവേശനമാണ് ഇന്ന് മേപ്പാടിയില്‍ നടക്കുന്നത്. മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളിലാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പഠന സാമഗ്രികള്‍ നല്‍കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളില്‍ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.