Hivision Channel

കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകും. നിപ, കൊവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാള്‍വഴികള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ ‘എ പാത്ത് ടു വെല്‍നെസ് കേരളാസ് ബാറ്റില്‍ എഗേന്‍സ്റ്റ് ടിബി’ എന്ന ഡോക്യുമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷന്‍ പ്ലാനിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ക്ഷയരോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ഇപ്പോള്‍ അധികം ഉണ്ടാകാറില്ല. കാരണം, പൊതുവേ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാല്‍ ലോകത്താകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അതല്ല സ്ഥിതി. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയരോഗം. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിനു കഴിഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *