ഇരിട്ടി:മങ്കി മലേറിയ രോഗം ബാധിച്ച് കുരങ്ങന്‍മാരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ആറളം വന്യജീവി സങ്കേതത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘം പരിശോധന നടത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എം ഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. ആറളം വന്യജീവി സാങ്കേതത്തിന്റെ ഭരണകാര്യ കെട്ടിടത്തിന് സമീപം കഴിഞ്ഞയാഴ്ചയാണ് നാല് കുരങ്ങന്മാരുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്റെ ലാബില്‍ നടന്ന പരിശോധനയിലാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘമാണ് ആറളത്ത് പരിശോധന നടത്തിയത്. ആറളം റേഞ്ച് ഫോറസ്റ്റ് ഓഫീസറും വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്‍ഡനുമായ രമ്യ രാഘവനില്‍നിന്ന് സംഘം വിവരം ശേഖരിച്ചു. തുടര്‍ന്ന് ചീങ്കണ്ണി പുഴയുടെ തീരങ്ങളിലും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുകുകളുടെ ലാര്‍വയെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി.
മങ്കി മലേറിയ മനുഷ്യരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് സംഘം അറിയിച്ചു. കൊതുക് വഴിയാണ് മങ്കി മലേറിയയും പകരുന്നത്. നിലവില്‍ സ്ഥലത്തു ജോലി ചെയ്യുന്ന ആര്‍ക്കും തന്നെ പനിയോ മറ്റു ലക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആറളം വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്നവരില്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മലേറിയ പരിശോധന നടത്താന്‍ തീരുമാനിച്ചു.രോഗ സ്ഥിരീകരണം നടത്തുന്നതിന് വനം വകുപ്പ് സ്വീകരിച്ച ക്രിയാത്മക ഇടപെടലിനെ ഡിഎംഒ അഭിനന്ദിച്ചു. മങ്കി മലേറിയ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നതായി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍:
- രാത്രി കാലത്ത് പട്രോളിങ്ങിനായി വനത്തിലേക്ക് പോകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊതുക് കടി കൊള്ളാത്തവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടും ആവശ്യമായ മറ്റു മുന്‍കരുതല്‍ എടുത്തു കൊണ്ടും പോകേണ്ടതാണ്.
- ആറളം വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ക്കും പരിസര പ്രദേശത്തെ ജനങ്ങള്‍ക്കും മങ്കി മലേറിയ സംബന്ധിച്ച ബോധവത്കരണ പരിപാടി നടത്താന്‍ തീരുമാനിച്ചു.
- വനത്തിലും വന്യജീവികളുടെ ആവാസ വ്യവസ്ഥയിലേക്കും മനുഷ്യര്‍ കടന്നുചെല്ലുന്ന സാഹചര്യവും വന്യജീവികളുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കേണ്ടതാണ്.
- വീടും പരിസരവും ശുചിത്വപൂര്‍ണമായി നിലനിര്‍ത്തുകയും കൊതുക് വളരാന്‍ സാഹചര്യം ഒരുക്കുന്ന ചെറിയ വെള്ളക്കെട്ടുകള്‍ പോലും ഒഴിവാക്കുകയും ഉറവിട നശീകരണം ശീലമാക്കുകയും ചെയ്യേണ്ടതാണ്.
- വെക്ടര്‍ ബോണ്‍ ഡിസീസ് ടീമിന്റെ നേതൃത്വത്തില്‍ മലേറിയ പരത്തുന്ന കൊതുകിന്റെ സാനിധ്യം കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികള്‍ തുടരും.
സംഘത്തില്‍ കീഴ്പ്പള്ളി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ പ്രിയ സദാനന്ദന്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ഷിനി കെ കെ, ബയോളജിസ്റ്റ് രമേശന്‍ സിപി, ടെക്നിക്കല്‍ അസിസ്റ്റന്റ് അബ്ദുല്‍ ജലീല്‍, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി സുധീഷ്, കീഴ്പ്പള്ളി ബ്ലോക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സോമസുന്ദരം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.