കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് സന്തോഷിക്കാൻ ‘ഗോസമൃദ്ധി’. പദ്ധതിയിൽ അംഗമാകുന്ന ക്ഷീര കർഷകന് അപകടമരണമോ, പൂർണമോ – ഭാഗികമോ ആയി അംഗവൈകല്യമോ സംഭവിച്ചാലും അവരുടെ കാലികൾ മരണമടഞ്ഞാലും അവർക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം ഒഴിവാക്കാൻകൂടിയുള്ള സമഗ്ര കന്നുകാലി ഇൻഷുറൻസാണിത്.17-08-2024 തീയതിയിലെ സർക്കാർ ഉത്തരവ് 71/2024 – നമ്പർ പ്രകാരം സംസ്ഥാന ഇൻഷുറൻസ് വകുപ്പും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും മൃഗസംരക്ഷണ വകുപ്പുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്.
കന്നുകാലി ഇൻഷുറൻസ് പരിരക്ഷ തുക 65,000 രൂപയാണ്. ഒരു കൊല്ലത്തേക്ക് 2912 രൂപയാണ് പ്രീമിയം തുക (4.48 ശതമാനം). ഇതിന്റെ പകുതി 1456 രൂപയാണ് ജനറൽ വിഭാഗത്തിലുള്ള കർഷകർ അടയ്ക്കേണ്ടുന്ന പ്രീമിയം. മൂന്ന് വർഷത്തേക്ക് 7137 രൂപയാണ് (10.98 ശതമാനം) പ്രീമിയം തുക. കർഷകർ അടയ്ക്കേണ്ടത് ഇതിന്റെ 50 ശതമാനമായ 3569 രൂപയാണ്. പട്ടിക ജാതി-വർഗ വിഭാഗത്തിൽ പെട്ടവർക്ക് മൊത്തം പ്രീമിയത്തിന്റെ 30 ശതമാനമായ 874 രൂപ (ഒരു കൊല്ലത്തേക്ക്), 2141 രൂപ (മൂന്ന് വർഷത്തേക്ക് ) അടച്ചാൽ മതി.
കന്നുകാലികളുടെ ഉടമസ്ഥർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. ഒരു ലക്ഷത്തിന് 20 രൂപ എന്ന തോതിലാണ് ഇതിന് പ്രീമിയം അധികം അടയ്ക്കേണ്ടത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെ തുകയ്ക്ക് കന്നുകാലി ഉടമസ്ഥർക്കും ഇൻഷുർ ചെയ്യാം. ഇത് മൃഗസംരക്ഷണ വകുപ്പ് കർഷകർക്കുവേണ്ടി നേരിട്ട് നടത്തുന്ന ഇൻഷുറൻസ് പദ്ധതിയാണ്.
കൂടുതൽ വിവരങ്ങൾ മൃഗാശുപത്രികളിൽനിന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. വിവരങ്ങൾക്ക്: 9947452708.