വെള്ളെഴുത്ത് (പ്രസ്ബയോപ്പിയ) ബാധിച്ചവര്‍ക്ക് കാഴ്ചപ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്ന തുള്ളിമരുന്നിന് രാജ്യത്ത് അംഗീകാരം നല്‍കി എന്ന വാർത്ത പുറത്തു വന്നിരുന്നു. മരുന്ന് അടുത്തമാസംമുതല്‍ വിപണിയിലെത്തും. എന്നാല്‍, ഈ മരുന്ന് സ്ഥിരമായി ദീര്‍ഘകാലം ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക നേത്രരോഗവിദഗ്ധര്‍ പങ്കുവെക്കുന്നു. ഓള്‍ ഇന്ത്യ ഓഫ്താല്‍മോളജിക്കല്‍ സൊസൈറ്റി അംഗങ്ങള്‍ക്കിടയില്‍ തുള്ളിമരുന്ന് ചര്‍ച്ചാവിഷയമായിമാറിയിരിക്കുകയാണ്.
ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും അടുത്ത ആറുമണിക്കൂര്‍ തെളിഞ്ഞകാഴ്ച ലഭിക്കുമെന്നുമാണ് അവകാശവാദം, ഇതോടെ കണ്ണട ഉപയോഗം ഒഴിവാക്കാമെന്നും. പൈലോകാര്‍പിന്‍ 1.25 ശതമാനം എന്ന രാസഘടകമാണ് മരുന്നിലുള്ളത്. ഇത് ഗ്ലൂക്കോമ രോഗികളില്‍ കണ്ണിലെ മര്‍ദം കുറയ്ക്കാന്‍ മുന്‍പ് ഉപയോഗിച്ചിരുന്നു. പിന്നീട് ഉപയോഗം കുറഞ്ഞു.
അതേസമയം, മരുന്നിന്റെ ദീര്‍ഘകാല പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഓഫ്താല്‍മോളജിക്കല്‍ സൊസൈറ്റി മാനേജ്‌മെന്റ് കമ്മിറ്റി അംഗവും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ചീഫ് സര്‍ജനുമായ ഡോ. ശ്രീനി എടക്ലോണ്‍ പറയുന്നു.
”ഉപയോഗിക്കുമ്പോള്‍ കൃഷ്ണമണി ചുരുങ്ങും. ചെറിയ കൃഷ്ണമണിയിലൂടെ നോക്കുമ്പോള്‍ അരികിലുള്ള കാഴ്ച കൂടിയതായി അനുഭവപ്പെടും. എന്നാല്‍, മിക്കവാറുമാളുകളില്‍ ഈ പ്രായത്തില്‍ തിമിരവും തുടങ്ങും. തിമിരം വേഗത്തിലാവാനും മരുന്ന് ഇടയാക്കാം.
കൃഷ്ണമണി നന്നേ ചുരുങ്ങിയാല്‍ വികസിപ്പിക്കാനാവാതെവരും. അത് തിമിരശസ്ത്രക്രിയ പ്രയാസകരമാക്കും. നേത്രാന്തരപടലം ഇളകലും പാര്‍ശ്വഫലമായിവരാം. അതിനാല്‍ നേത്രരോഗ വിദഗ്ധനെക്കണ്ട് ഈ പ്രശ്‌നത്തിന് സാധ്യതയില്ലെന്ന് ഉറപ്പാക്കണം. മരുന്ന് ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടെ നേത്രപരിശോധനനടത്തി കൃഷ്ണമണി നിരീക്ഷിക്കുകയും വേണം” -ഡോ. ശ്രീനി പറയുന്നു.