18 വയസ്സ് പൂര്‍ത്തിയായവര്‍ പുതിയ ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് മാതൃകയില്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാല്‍ മാത്രം അംഗീകാരം നല്‍കിയാല്‍ മതിയെന്ന് തീരുമാനം. ആധാര്‍ അപേക്ഷകനെ നേരില്‍ക്കണ്ട് ഉദ്യോദഗസ്ഥന് ബോധ്യപ്പെട്ടാല്‍ മാത്രമേ ആധാര്‍ അനുവദിക്കൂ. വില്ലേജ് ഓഫിസറാണ് അന്വേഷണത്തിന് എത്തുക. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം.
എന്നാല്‍ ഇതിനായി അപേക്ഷകര്‍ പ്രത്യേകമായി ഫീസ് നല്‍കേണ്ടതില്ല. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വില്ലേജ് ഓഫിസര്‍ക്ക് പകരം അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് പരിശോധനക്ക് എത്തുക. അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നല്‍കാം. വേഗത്തില്‍ ആധാര്‍ വേണ്ടവര്‍ക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്.
18 വയസ്സ് പൂര്‍ത്തിയായവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ തടയുക എന്നത് ലക്ഷ്യമിട്ടാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശിലും ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു.